ഒക്ടോബര്‍ ഒന്നിന് ഡോക്ടര്‍മാരുടെ പണിമുടക്ക്
കൊച്ചി: ഒക്ടോബര്‍ ഒന്ന് ചൊവാഴ്ച സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ പണിമുടക്കും.
ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ആശുപത്രികള്‍ക്കും നേരെ തുടര്‍ച്ചയായി ആക്രമണങ്ങളുണ്ടാവുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. പി. ടി. ചെറിയാന്‍, സെക്രട്ടറി ഡോ. ടി. സുരേഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ എട്ട് മണിയ്ക്ക് തുടങ്ങുന്ന പണിമുടക്ക് പിറ്റേ ദിവസം രാവിലെ എട്ട് മണിക്കാണ് അവസാനിക്കുന്നത്. ഡോക്ടര്‍മാര്‍ വീടുകളിലും രോഗികളെ പരിശോധിക്കില്ല. ആശുപത്രികളില്‍ അത്യാഹിത സേവനം ഉണ്ടാവും.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെ ആക്രമം വര്‍ധിച്ചുവരുന്നത് ഐ എം എ ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ട് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്ന് ഡോ. ചെറിയാന്‍ പറഞ്ഞു. പക്ഷേ ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ല. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ 26 ആശുപത്രികളാണ് ആക്രമിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ ഈ പണിമുടക്ക് ജനങ്ങള്‍ക്ക് എതിരെയല്ല. മറിച്ച് സര്‍ക്കാരിന് എതിരെയാണ്.
കേരള ഗവര്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍, ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ ഹോസ്പിറ്റല്‍ അസോസിയേഷന്‍, കേരള ഗവര്‍മെന്റ് മെഡിക്കല്‍ ടീച്ചേഴ്സ് അസോസിയേഷന്‍, പ്രൈവറ്റ് ഹോസ്പിറ്റല്‍സ് ഓണേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഐ എം എ ഭാരവാഹികള്‍ പറഞ്ഞു.












Click it and Unblock the Notifications