ജിസിഡിഎ ഓണ്‍ലൈന്‍ ലോട്ടറി തുടങ്ങുന്നു
കൊച്ചി: ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്മെന്റ് അതോറിറ്റി (ജി സി ഡി എ) ഓണ്‍ലൈന്‍ ലോട്ടറി തുടങ്ങുന്നു. ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ര്ട സ്റേഡിയത്തിന്റെ നിര്‍മാണത്തെ തുടര്‍ന്ന് ജി സി ഡി എയ്ക്കുണ്ടായ വന്‍ കടബാധ്യത ഇതേ വരെ തീര്‍ക്കാനാവാത്തത് മൂലമാണ് ജി സി ഡി എ ഓണ്‍ലൈന്‍ ലോട്ടറിയിലേക്ക് തിരിയുന്നത്.
വായ്പാ ബാധ്യത പരിഹരിക്കുന്നതിന് ഓണ്‍ലൈന്‍ ലോട്ടറി നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ജി സി ഡി എ തേടിയിട്ടുണ്ട്.
30 കോടി രൂപയും അതിന്റെ പലിശയായി 18 കോടി രൂപയുമാണ് ഇപ്പോള്‍ ജി സി ഡി എ സിന്റിക്കേറ്റ് ബാങ്കിന് നല്‍കാനുള്ളത്. 46 ലക്ഷം രൂപ മാത്രമേ സ്റേഡിയത്തില്‍ നിന്ന് വര്‍ഷത്തില്‍ വരുമാനം ലഭിക്കുന്നുള്ളൂവെന്ന് ജി സി ഡി എ അധികൃതര്‍ പറയുന്നു.
സ്റേഡിയത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് കോംപ്ലക്സ് പണിയാന്‍ ജി സി ഡി എയ്ക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.
സീ ടെലിവിഷന്‍ ഗ്രൂപ്പിന്റെ ഓണ്‍ലൈന്‍ ഭാഗ്യക്കുറി നടത്തിപ്പ് കമ്പനിയായ പ്ലേവിന്നിന്റെ സഹായത്തോടെ ആറ് നമ്പരുള്ള ഓണ്‍ലൈന്‍ ലോട്ടറി തുടങ്ങാനാണ് ജി സി ഡി എയുടെ തീരുമാനം. രണ്ട് കോടി രൂപയായിരിക്കും സമ്മാനത്തുക. സമ്മാനത്തുകയുടെ 20 ശതമാനം കമ്മിഷനായി ജി സി ഡി എയ്ക്ക് ലഭിക്കും.
വിവിധ സമ്മാനത്തുകകള്‍ ഇങ്ങനെയാണ്: ഒരു നമ്പര്‍ തുല്യമായാല്‍ 20 രൂപ അല്ലെങ്കില്‍ രണ്ട് ഗെയിം ലോട്ടറി സൗജന്യം, രണ്ട് നമ്പര്‍ തുല്യമായാല്‍ 40 രൂപ അല്ലെങ്കില്‍ നാല് ഗെയിം ലോട്ടറി സൗജന്യം, മൂന്ന് നമ്പര്‍ തുല്യമായാല്‍ 60 രൂപ അല്ലെങ്കില്‍ ആറ് ഗെയിം ലോട്ടറി സൗജന്യം, നാല് നമ്പര്‍ തുല്യമായാല്‍ 1000 രൂപ, അഞ്ച് നമ്പര്‍ തുല്യമായാല്‍ 5000 രൂപ. ആറ് നമ്പര്‍ തുല്യമായാല്‍ 50 ലക്ഷം രൂപ.












Click it and Unblock the Notifications