ക്രൈംബ്രാഞ്ച് ശോഭനയെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: വ്യാജരേഖാക്കേസില്‍ അറസ്റിലായ ശോഭന ജോര്‍ജ്ജ് എംഎല്‍എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ആക്കുളത്തുള്ള ശോഭനയുടെ വസതിയില്‍ വച്ചുതന്നെയാണ് ക്രൈംബ്രാഞ്ച് എസ്പി നടരാജന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നത്.
ഒക്ടോബര്‍ മൂന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.35നാണ് ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ശോഭനയുടെ വസതിയില്‍ എത്തിയത്. വൈദ്യസഹായം ആവശ്യമുണ്ടോ എന്ന് എസ്പി നടരാജന്‍ ശോഭനയോട് ചോദിച്ചു. ഇല്ലെന്നായിരുന്നു ശോഭനയുടെ മറുപടി. എങ്കില്‍ അറസ്റുചെയ്യുന്നുവെന്നായിരുന്നു എസ്പിയുടെ മറുപടി. വസ്ത്രം മാറാന്‍ അല്പം സമയം വേണമെന്ന ശോഭനയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അത് അനുവദിച്ചു. വസ്ത്രം മാറിവന്നയുടന്‍ അറസ്റു ചെയ്യുന്നതായി അറിയിച്ചു.
ശോഭനയെ വീട്ടില്‍ നിന്നും കൊണ്ടുപോയിട്ടില്ല. വീട്ടിനുള്ളില്‍ വച്ചുതന്നെയാണ് ക്രൈംബ്രാഞ്ച്സംഘം ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ശോഭനയുടെ വീടിന് മുമ്പില്‍ മാധ്യമപ്രവര്‍ത്തകരുടെ വലിയൊരു സംഘം ക്യാമ്പ് ചെയ്യുന്നുണ്ട് വന്‍ പൊലീസ് സന്നാഹവും ഉണ്ട്.
ചോദ്യം ചെയ്യലിനു ശേഷം ശോഭനയെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്നറിയുന്നു. അറസ്റ് കഴിഞ്ഞ് 24 മണിയ്ക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കിയാല്‍ മതിയാവും.
മന്ത്രി തോമസിനെ 336 കോടിയുടെ ഹവാലക്കേസുമായി ബന്ധപ്പെടുത്തുന്ന വ്യാജരേഖ നിര്‍മ്മിച്ച കേസില്‍ ശോഭനാ ജോര്‍ജ്ജ്എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന വ്യക്തമായ തെളിവ് ലഭിച്ച സാഹചര്യത്തിലാണ് അറസ്റെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ശോഭനാ ജോര്‍ജ്ജിന്റെ മൊബൈല്‍ ഫോണുകളുടെ റിക്കാര്‍ഡുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ക്രൈംബ്രാഞ്ചിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
കോഴിക്കോട്ടെ വ്യവസായി കെ.സി. ബാബുവുമായി ചേര്‍ന്നാണ് ശോഭന വ്യാജരേഖ ചമച്ചതെന്ന് കരുതുന്നു. ജൂണ്‍ 24നാണ് വ്യാജരേഖ സംബന്ധിച്ച് സൂര്യാ ടിവി വാര്‍ത്ത സംപ്രേഷണം ചെയ്തത്. ജൂണ്‍ 25ന് നിയമസഭയില്‍ ഇത് സംബന്ധിച്ച് കൊടിയേരി ബാലകൃഷ്ണന്‍(സിപിഎം) ചോദ്യം ഉന്നയിച്ചു. വ്യാജരേഖക്കേസുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കകത്തെ മുഴുവന്‍ സംഭവങ്ങളും ശോഭന ജോര്‍ജ്ജ് നിയമസഭയ്ക്കകത്ത് നിന്നു തന്നെ കോഴിക്കോട്ടെ വ്യവസായി ബാബുവിനെ അറിയിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിതായി പറയുന്നു. ശോഭന തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് 37 മിനിറ്റ് നേരം ബാബുവുമായി സംസാരിച്ചതായാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ജയചന്ദ്രന്‍ ഒളിവില്‍ തന്നെ
വ്യാജരേഖനിര്‍മ്മിച്ചകേസില്‍ ശോഭനാ ജോര്‍ജ്ജിനെ സഹായിച്ചുവെന്ന് കരുതുന്ന തനിനിറം മുന്‍ ലേഖകനും കേസിലെ നാലാംപ്രതിയുമായ ജയചന്ദ്രന്‍ ഒളിവിലാണ്. കെ.സി. ബാബുവിന്റെ കോഴിക്കോട്ടെ കെട്ടിടത്തില്‍ ശോഭനാ ജോര്‍ജ്ജും ജയചന്ദ്രനും ബാബുവും ഉള്‍പ്പെടെ പങ്കെടുത്ത രഹസ്യയോഗം നടന്നതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുള്ളതായി കരുതുന്നു. ഇവിടെ നിന്നും ഐജി പോള്‍ ലെസ്ലിയ്ക്ക് ശോഭനയുടെ മൊബൈല്‍ ഫോണില്‍ നിന്നും വിളി പോയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഐജി പോള്‍ ലെസ്ലിയെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പോള്‍ ലെസ്ലിയോട് പൊലീസ് മേധാവികള്‍ വിശദീകരണം ആവശ്യപ്പെടുമെന്നും കരുതുന്നു.
വ്യവസായി ബാബു ഹൈദരാബാദില്‍ നുണപരിശോധനയ്ക്ക് വിധേയനാകാന്‍ വിസമ്മതിച്ചത് സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ നുണപരിശോധനയ്ക്ക് വിധേനമാകാമെന്ന് സമ്മതിച്ച ബാബു പെട്ടെന്ന് തീരുമാനം മാറ്റുകയായിരുന്നു. നേരത്തെ ബാബുവിനെ ബാംഗ്ലൂരില്‍ നുണപരിശോധനയ്ക്ക് വിധേയനാക്കാനായിരുന്നു ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. എന്നാല്‍ ബാംഗ്ലൂരിലെ നുണപരിശോധന നടത്തുന്ന വനിതാ ഡോക്ടറുമായി ബാബു ബന്ധപ്പെട്ടതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഹൈദരാബാദില്‍ നുണപരിശോധന നടത്താമെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഹൈദരാബാദിലേക്ക് മാറ്റിയതാണ് ബാബു നുണപരിശോധനയ്ക്ക് വിസമ്മതിച്ചതിന് കാരണമെന്നതാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.












Click it and Unblock the Notifications