തമിഴ്നാടിന് വെള്ളംകൊടുക്കില്ല: കൃഷ്ണ
ദില്ലി: തമിഴ്നാടിന് കാവേരി ജലം വിട്ടുകൊടുക്കില്ലെന്ന് കര്‍ണ്ണാടകമുഖ്യമന്ത്രി എസ്.എം. കൃഷ്ണ പറഞ്ഞു. ഒക്ടോബര്‍ നാല് വെള്ളിയാഴ്ച ദില്ലിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് കൃഷ്ണ ഇക്കാര്യം പറഞ്ഞത്.
9,000 ക്യുസെക്സ് കാവേരിജലം തമിഴ്നാടിന് ദിനംപ്രതി വിട്ടുകൊടുക്കാന്‍ സുപ്രീംകോടതി കര്‍ണ്ണാടകത്തോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കൃഷ്ണയുടെ ഇക്കാര്യം പറഞ്ഞത്. ഒക്ടോബര്‍ നാല് വെള്ളിയാഴ്ചയാണ് സുപ്രീംകോടതി കാവേരിപ്രശ്നത്തില്‍ സുപ്രധാനമായ ഈ വിധി പ്രസ്താവിച്ചത്.
ഈ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കൃഷ്ണ ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് കര്‍ണ്ണാടകത്തിലെ മാണ്ഡ്യ ജില്ലയില്‍ സംഘര്‍ഷാവസ്ഥ നിലനില്ക്കുകയാണ്. ഇവിടെ കടകളെല്ലാം അടച്ചു. ബാംഗ്ലൂരില്‍ നിന്ന് മൈസൂരിലേക്കുള്ള വാഹനഗതാഗതം മുടങ്ങി.
കാവേരി ജല അതോറിറ്റിയുടെ സപ്തംബര്‍ എട്ടിന്റെ വിധി അനുസരിക്കാനാണ് സുപ്രീംകോടതി കര്‍ണ്ണാടകസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സപ്തംബര്‍ എട്ടിന്റെ വിധിയില്‍ കര്‍ണ്ണാടകത്തോട് 9,000 ക്യുസെക്സ് കാവേരി ജലം ദിവസവും തമിഴ്നാടിന് നല്കാന്‍ കാവേരി നദീജല അതോറിറ്റി ആവശ്യപ്പെട്ടിരുന്നു.
9,000 ക്യുസെക്സ് ജലം ദിനം പ്രതി മേട്ടൂര്‍ ഡാമിലേക്ക് വിട്ടുകൊടുക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണ്ണാടകത്തിനെതിരെ തമിഴ്നാട് നല്കിയ കോടതിയലക്ഷ്യകേസിന്മേല്‍ സുപ്രീംകോടതി ഒക്ടോബര്‍ 24ന് വിധി പറയും.












Click it and Unblock the Notifications