കാവേരി: രജനീകാന്ത് ഒറ്റപ്പെടുന്നു
ദില്ലി: കാവേരി പ്രശ്നം മൂര്‍ച്ഛിച്ചതോടെ തമിഴ്നാട്ടില്‍ നടന്‍ രജനീകാന്ത് ഒറ്റപ്പെടുന്നു. കുറച്ചുനാളായി രജനീകാന്തിനെതിരെ തമിഴ്നാട്ടില്‍ വര്‍ധിച്ചുവരുന്ന വിദ്വേഷം തമിഴ്സിനിമാ ലോകത്തേക്ക് കൂടി വ്യാപിപ്പിക്കുകയാണ്.
മഹാരാഷ്ട്രയില്‍ ജനിച്ച് കര്‍ണ്ണാടകയില്‍ വളര്‍ന്ന് ഒടുവില്‍ തമിഴ്സിനിമാലോകത്തെത്തിയ രജനിയ്ക്ക് കൂറ് കര്‍ണ്ണാടകത്തോടാണെന്ന് തമിഴ് പട്ടാളി മക്കള്‍കക്ഷിയുള്‍പ്പെടെയുള്ള തമിഴ് തീവ്രവാദി സംഘടനകള്‍ ആരോപിച്ചിരുന്നു. രജനിയുടെ പുതിയ ചിത്രമായ ബാബയുടെ റിലീസിന് മുമ്പ് രജനിയ്ക്കെതിരെ പട്ടാളി മക്കള്‍ കക്ഷി നേതാവ് ഡോ. രാമദാസ് പരസ്യമായി ഇക്കാര്യം പറഞ്ഞ് കൊമ്പ് കോര്‍ത്തിരുന്നു.
തമിഴ്മക്കളുടെ പണം കൊണ്ട് സമ്പന്നനായ രജനീകാന്ത് തമിഴ്നാട്ടില്‍ ഒരൊറ്റ പൈസ മുടക്കുന്നില്ലെന്നും അന്ന് ഡോ. രാംദാസ് ആരോപിച്ചിരുന്നു. പകരം രജനി കര്‍ണ്ണാടകത്തിലാണ് വ്യവസായത്തില്‍ പണം മുടക്കിയിരിക്കുന്നതത്രെ.
കുറച്ചുനാളായി തമിഴ്നാട്ടില്‍ ഉയരുന്ന രജനീവിരുദ്ധ തരംഗം കാവേരി പ്രശ്നത്തോടെ സിനിമാരംഗത്തേക്കും വ്യാപിച്ചിരിക്കുകയാണ്. തമിഴ് സിനിമാപ്രവര്‍ത്തകര്‍ ഒന്നടങ്കം കാവേരി പ്രശ്നത്തില്‍ തമിഴ്നാടിന് പിന്തുണ പ്രഖ്യാപിച്ച് ഒക്ടോബര്‍ 12ന് നെയ്വേലിയിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ മാര്‍ച്ചില്‍ താന്‍ പങ്കെടുക്കില്ലെന്ന് രജനീകാന്ത് പ്രഖ്യാപിച്ചു. രജനിയുടെ ഈ പ്രഖ്യാപനം തമിഴ്സിനിമാരംഗത്തെ രജനിയ്ക്കെതിരെ തിരിച്ചിരിക്കുകയാണ്. രജനിയുടെ തീരുമാനത്തെ തമിഴ്സംവിധായകന്‍ ഭാരതിരാജ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു.
താന്‍ തമിഴ്നാട്ടുകാരന്‍ എന്നതിനേക്കാള്‍ ഇന്ത്യക്കാരനാണെന്നാണ് രജനിയുടെ അഭിപ്രായം. കാവേരി പ്രശ്നം പരിഹരിക്കുന്നതിന് പകരം ഇത്തരം മാര്‍ച്ചുകള്‍ പ്രശ്നം വഷളാക്കാന്‍ മാത്രമേ സഹായിക്കൂ എന്നാണ് രജനിയുടെ പക്ഷം. പക്ഷെ ഈയിടെ തമിഴ് അമ്മയുടെ കോലം കന്നട ചലച്ചിത്ര പ്രവര്‍ത്തകര്‍ കത്തിച്ചപ്പോള്‍ രജനി പ്രതിഷേധിച്ചില്ലെന്ന് ഭാരതിരാജ വിമര്‍ശിക്കുന്നു.
പക്ഷെ കാവേരി പ്രശ്നം പരിഹരിക്കാന്‍ തന്റെ മുഴുവന്‍ പണവും നല്കാന്‍ താന്‍ തയ്യാറാണെന്നും കാവേരിയും ഗംഗയും കൂട്ടിയോജിപ്പിക്കുക മാത്രമാണ് ഇതിന് യഥാര്‍ത്ഥ പോംവഴിയെന്നും പ്രശ്നം പരിഹരിക്കാന്‍ താന്‍ പ്രധാനമന്ത്രിയെയും ഉപപ്രധാനമന്ത്രിയെയും കാണുമെന്നും രജനി പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി രജനികാന്ത് ഇപ്പോള്‍ പ്രധാനമന്ത്രിയെക്കാണാന്‍ ദില്ലിയിലെത്തിയിരിക്കുകയാണ്.
രജനിയുടെ ദില്ലിയാത്ര തമിഴ്മക്കളുടെ കണ്ണില്‍പൊടിയിടാനുള്ള മറ്റൊരു തന്ത്രം മാത്രമാണെന്നാണ് തമിഴ്സിനിമാലോകത്തിന്റെ പ്രതികരണം. എന്തായാലും ഒക്ടോബര്‍ 12ന് തമിഴ്സിനിമാപ്രവര്‍ത്തകര്‍ നടത്തുന്ന റാലിയില്‍ താന്‍ പങ്കെടുക്കുമെന്ന് രജനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തന്റെ കാല്ക്കീഴിലെ മണ്ണ് ചോര്‍ന്നു പോകുന്നു എന്ന തോന്നലാകാം രജനിയെ ഇങ്ങിനെ തീരുമാനം മാറ്റാന്‍ പ്രേരിപ്പിച്ചത്.
കാവേരി പ്രശ്നം രജനിയുടെ തമിഴ്രാഷ്ട്രീയത്തിലേക്കുള്ള വരവിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.












Click it and Unblock the Notifications