മണിയെ ദൂതനായി അയക്കണമെന്ന് വീരപ്പന്‍
ബാംഗ്ലൂര്‍: ബന്ദിയാക്കി വെച്ചിരിക്കുന്ന മുന്‍ കര്‍ണാടക മന്ത്രി എച്ച്. നാഗപ്പയെ മോചിപ്പിക്കുന്നത് സംബന്ധിച്ച് സന്ധിസംഭാഷണം നടത്താന്‍ കൊളത്തൂര്‍ മണിയെ ദൂതനായി അയക്കണമെന്ന് വീരപ്പന്‍ ആവശ്യപ്പെട്ടു.
വീരപ്പന്‍ അയച്ച മൂന്നാമത്തെ കസെറ്റിലാണ് ഈ ആവശ്യമുന്നയിച്ചത്. എട്ട് ദിവസത്തിനുള്ളില്‍ കൊളത്തൂര്‍ മണിയെ ദൂതനായി അയക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സപ്തംബര്‍ ആറ് ഞായറാഴ്ച വൈകുന്നേരമാണ് മൂന്നാമത്തെ കസെറ്റ് ലഭിച്ചത്. ചാമരാജ്നഗറിലെ കാമഗിരിയിലെ നാഗപ്പയുടെ ഫാംഹൗസിലെ പുല്‍ത്തകിടിയിലാണ് കസെറ്റ് കണ്ടത്. നാഗപ്പയുടെ മകന്‍ പ്രീതം കസെറ്റ് കര്‍ണാടക ആഭ്യന്തരമന്ത്രി മല്ലികാര്‍ജുന്‍ കാര്‍ഗെയെ ഏല്പിച്ചു.
കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട് പദയാത്ര നടത്തുന്ന മുഖ്യമന്ത്രി എസ്. എം. കൃഷ്ണയുമായി ബന്ധപ്പെട്ടതിനു ശേഷം ഇതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് കാര്‍ഗെ അറിയിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീരപ്പന്‍ മൂന്നാമത്തെ കസെറ്റ് അയച്ചത്. 44 ദിവസമായി നാഗപ്പ വീരപ്പന്റെ പിടിയില്‍ കഴിയുകയാണ്. രണ്ടാമത്തെ കസെറ്റില്‍ കൊളത്തൂര്‍ മണിയെയോ തമിഴ് ദേശീയ മുന്നണി നേതാവ് പി. നെടുമാരനെയോ ദൂതനായി അയക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ജയിലില്‍ കഴിയുന്ന ആരെയും ദൂതനായി അയക്കാനാവില്ലെന്ന് പറഞ്ഞ് കര്‍ണാടക സര്‍ക്കാര്‍ ഈ ആവശ്യം തള്ളി.
മണി കര്‍ണാടകത്തിലെ ബെല്ലാരി ജയിലിലും നെടുമാരന്‍ തമിഴ്നാട്ടിലെ ജയിലിലുമാണ്. ഇരുവരും കര്‍ണാടക ചലച്ചിത്ര താരം രാജ്കുമാറിനെ വീരപ്പന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.












Click it and Unblock the Notifications