യുഡിഎഫ് ഉന്നത സമിതി യോഗം തുടങ്ങി
തിരുവനന്തപുരം: യു ഡി എഫ് ഉന്നതാധികാര സമിതി യോഗം ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച കോവളത്ത് തുടങ്ങി.
വൈദ്യുതി ബോര്‍ഡിലെ പ്രതിസന്ധി പരിഹരിക്കുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങളെ യോഗം ചര്‍ച്ച ചെയ്യും. യോഗം രാത്രി വൈകുവോളം നീളുമെന്നാണ് അറിയുന്നത്.
കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍, മുഖ്യമന്ത്രി എ. കെ. ആന്റണി, യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, കരുണാകരന്‍ എന്നിവരും വിവിധ ഘടകക്ഷി നേതാക്കളും മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
സാധാരണക്കാരന് വന്‍ഭാരം സൃഷ്ടിക്കാത്ത വിധം വൈദ്യുതി നിരക്ക് കൂട്ടാന്‍ കെ പി സി സി നിര്‍വാഹക സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. യു ഡി എഫ് ഉപസമിതിയും നിരക്ക് കൂട്ടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മിതമായ നിരക്കില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനാവും ഉന്നതാധികാര സമിതി യോഗം തീരുമാനമെടുക്കുക എന്നാണ് സൂചന.
നിരക്ക് വര്‍ധനയ്ക്കായി വിവിധ നിര്‍ദേശങ്ങളാണ് യു ഡി എഫ് ഉപസമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. എല്ലാ തരം ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്തും വിധം ഒരു പരിഹാര മാര്‍ഗം കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്ന് ഉപസമിതി വ്യക്തമാക്കി.
40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കാനാണ് ഉപസമിതിയുടെ ഒരു ശുപാര്‍ശ. ബാക്കിയുള്ളവര്‍ക്ക് യൂണിറ്റിന് 60 പൈസ മുതല്‍ 2.85 രൂപ വരെ നിരക്ക് വര്‍ധിപ്പിക്കും.
ഗാര്‍ഹിക-വ്യവസായ മേഖലയില്‍ ഇപ്പോഴുള്ള ഉപഭോഗത്തിന് നിയന്ത്രണമേര്‍പ്പെടുത്താനാണ് മറ്റൊരു ശുപാര്‍ശ. ഇതുപ്രകാരം ഇപ്പോഴുള്ള ഉപഭോഗം 60 ശതമാനത്തോളം പരിമിതപ്പെടുത്തിയാല്‍ നിരക്ക് വര്‍ധനവില്‍ നിന്ന് ഒഴിവാകാം. 60 ശതമാനത്തില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ താപവൈദ്യുതിയുടെ വില നല്‍കേണ്ടിവരും.












Click it and Unblock the Notifications