വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു
തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാര്‍ഷിക മേഖലയൊഴികെ മറ്റെല്ലാ മേഖലകളിലും വൈദ്യുതി നിരക്ക് കൂടും.
ഗാര്‍ഹിക മേഖയില്‍ യൂണിറ്റിന് 25 പൈസ മുതല്‍ ഒരു രൂപ വരെയും വ്യവസായ മേഖലയില്‍ യൂണിറ്റിന് 50 പൈസയും നിരക്ക് വര്‍ധിപ്പിക്കാനാണ് തീരുമാനം. ഒക്ടോബര്‍ ഒമ്പത് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.
നിരക്ക് വര്‍ധന ഒക്ടോബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വരും. കോര്‍പ്പറേഷന്‍ ആസ്ഥാനങ്ങളില്‍ അര മണിക്കൂര്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്താനും തീരുമാനമായി.
ഗാര്‍ഹിക മേഖലയില്‍ 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 25 പൈസ വര്‍ധിപ്പിക്കും. 41 മുതല്‍ 80 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 50 പൈസ കൂടുതല്‍ നല്‍കണം. 81 മുതല്‍ 120 വരെയുള്ള സ്ലാബില്‍ 75 പൈസയാണ് യൂണിറ്റിന് വര്‍ധന. 120 മുതല്‍ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് ഒരു രൂപയാണ് കൂടുതല്‍ നല്‍കേണ്ടത്.
കാര്‍ഷിക മേഖലയില്‍ വൈദ്യുതി നിരക്ക് കൂട്ടിയിട്ടില്ല. വാണിജ്യ മേഖലയില്‍ ഫിക്സഡ് ചാര്‍ജ് സിംഗിള്‍ ഫെയ്സിന് 30 രൂപയില്‍ നിന്ന് 50 രൂപയായും ത്രീഫെയ്സിന് 55 രൂപയില്‍ നിന്ന് 200 രൂപയായും കൂട്ടും. വാണിജ്യമേഖലയിലെ ലോ ടെന്‍ഷന്‍ ബി വിഭാഗത്തില്‍ നിരക്ക് 2.45 രൂപയുടെ സ്ഥാനത്ത് മൂന്നര രൂപയാവും. മറ്റ് വിഭാഗങ്ങളില്‍ പെടുന്ന വാണിജ്യ ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള നിരക്കില്‍ നിന്ന് 20 ശതമാനം കൂടും.
അടുത്ത മാര്‍ച്ച് 31 ന് മുമ്പ് തകരാറായ എല്ലാ മീറ്ററുകളും മാറ്റിസ്ഥാപിക്കും. വൈദ്യുതി മോഷണം തടയാന്‍ നിയമനിര്‍മാണം നടത്താനും പ്രത്യേക സ്ക്വാഡ് രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നിരക്ക് കൂട്ടുന്നതിലൂടെ 35 കോടി രൂപയാണ് വൈദ്യുതി ബോര്‍ഡിന് പ്രതിമാസം അധിക വരുമാനം പ്രതീക്ഷിക്കുന്നത്. നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ ഉപഭോഗം കുറയുമെന്നതിനാല്‍ 35 കോടി രൂപ പൂര്‍ണമായും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു. 184 കോടി രൂപയാണ് വൈദ്യുതി പ്രതിസന്ധി മൂലം വൈദ്യുതി ബോര്‍ഡിന് പ്രതിമാസം ഉണ്ടാവുന്നത്.
20 ശതമാനം പവര്‍കട്ടും രണ്ട് മണിക്കൂര്‍ ലോഡ് ഷെഡിംഗും ഏര്‍പ്പെടുത്താനാണ് വൈദ്യുതി ബോര്‍ഡ് ശുപാര്‍ശ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭ ഈ നിര്‍ദേശത്തിന്മേല്‍ തീരുമാനമെടുക്കുന്നത് മാറ്റിവെച്ചു.
വൈദ്യുതി ബോര്‍ഡിനെ രക്ഷിക്കാനും സംസ്ഥാനം ഇരുട്ടിലാഴുന്നത് തടയാനുമാണ് വൈദ്യുതി നിരക്ക് കൂട്ടാന്‍ മന്ത്രിസഭ വീണ്ടും തീരുമാനിച്ചത്. നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനവുമായി പ്രതിപക്ഷം സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സജീവമായ സ്വകാര്യ പങ്കാളിത്തത്തോടെ 60 ചെറുകിട വൈദ്യുതി പദ്ധതികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിക്കും. ഇതിനായുള്ള ടെണ്ടറുകള്‍ വൈദ്യുതി ബോര്‍ഡ് അടുത്തു തന്നെ ക്ഷണിക്കും. ജനുവരിയില്‍ ടെണ്ടറുകളിന്മേല്‍ മന്ത്രിസഭ തീരുമാനമെടുക്കും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 194.4 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.












Click it and Unblock the Notifications