കെടിഡിസി 6000 രൂപ നഷ്ടപരിഹാരം നല്‍കണം
തിരുവനന്തപുരം: ബുക്ക് ചെയ്തിട്ടും ഹോട്ടലില്‍ മുറി നല്‍കാത്തതിന് കേരള വിനോദസഞ്ചാര വികസന കോര്‍പ്പറേഷനും തമിഴ്നാട് വിനോദസഞ്ചാര കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഊട്ടിയിലെ ഹോട്ടലും ആറായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ആവശ്യപ്പെട്ടു.
ശാസ്തമംഗലം സ്വദേശിയായ വിജയകുമാര്‍ ഫയല്‍ ചെയ്ത പരാതിയിന്മേലാണ് വിധി. ഏപ്രില്‍ 11ന് 12 പേര്‍ക്കായി ഡോര്‍മിട്രി ബുക്ക് ചെയ്ത വിജയകുമാറിന് താമസസൗകര്യം നിഷേധിച്ചുവെന്നാണ് പരാതി.
കെ ടി ഡി സി വഴി 1200 രൂപ നല്‍കിയാണ് വിജയകുമാര്‍ ഊട്ടിയിലെ ഹോട്ടലില്‍ ഡോര്‍മിട്രി ബുക്ക് ചെയ്തത്. എന്നാല്‍ ഏപ്രില്‍ 11ന് ഹോട്ടലിലെത്തിയപ്പോള്‍ കെ ടി ഡി സി ബുക്കിംഗിനുള്ള പണമായി വലിയൊരു തുക നല്‍കാനുണ്ടെന്നും മുറി നല്‍കാനാവില്ലെന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. മുറിയെടുക്കാനായി അപ്പോള്‍ 2000 രൂപ നല്‍കേണ്ടി വന്നെന്ന് പരാതിക്കാരന്‍ പറയുന്നു. ബുക്ക് ചെയ്യാനായി നല്‍കിയ 1200 രൂപയും നഷ്ടപരിഹാരവും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ ഉപഭോഗ്തൃ ഫോറത്തെ സമീപിച്ചത്.
കെ ടി ഡി സിയും ടി ടി ഡി സിയും തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണമാണ് ഉപഭോക്താവ് ബുദ്ധിമുട്ട് നേരിടേണ്ടിവന്നതെന്ന് ഫോറം ചൂണ്ടിക്കാട്ടി. ഇരുകക്ഷികളും ചേര്‍ന്ന് 6000 രൂപ നഷ്ടപരിഹാരവും ഡോര്‍മിട്രി ബുക്ക് ചെയ്യാനായി നല്‍കിയ 1200 രൂപയും പരാതിക്കാരന്റെ ചെലവായി 1000 രൂപയും നല്‍കാനായി ഫോറം ആവശ്യപ്പെട്ടു.












Click it and Unblock the Notifications