അബു സലിമിനെ കിട്ടാന്‍ യുഎസ് സഹായിക്കും
ഹൈദരാബാദ്: പോര്‍ച്ചുഗലില്‍ ഇന്റര്‍പോളിന്റെ വലയിലായ അധോലോക നേതാവ് അബു സലിമിനെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാന്‍ യുഎസ് സഹായിക്കും. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ റോബര്‍ട്ട് ബ്ലാക്ക്വില്ലാണ് കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിയത്.
അബു സലിമിനെ വിട്ടുകിട്ടാന്‍ യുഎസ്സര്‍ക്കാര്‍ ഇന്ത്യയുമായി ചേര്‍ന്ന് പദ്ധതികള്‍ ആസൂത്രണം ചെയ്യും. അബു സലിം ഇന്ത്യയിലേക്ക് വരികതന്നെ ചെയ്യും- കഴിഞ്ഞ ദിവസം വാര്‍ത്താലേഖകരോട് ബ്ലാക് വില്‍ പറഞ്ഞു.
മുംബൈയില്‍ 1993 ല്‍ നടന്ന സ്ഫോടനപരമ്പരകള്‍ ഉള്‍പ്പെടെ 73 കേസുകളില്‍ പ്രതിയാണ് അബു സലിം. പിന്നീട് ദുബായിലേക്ക് കടന്ന അബു സലിമിനെ പിടികൂടാനുള്ള സിബിഐ നീക്കങ്ങള്‍ പരാജയപ്പെടുകയായിരുന്നു. അതിനിടയിലാണ് യാദൃച്ഛികമായി അബു സലിം കാമുകി മോണിക്ക ബേദിയുമൊത്ത് പോര്‍ച്ചുഗീസിലെ ലിസ്ബണില്‍ വച്ച് ഇന്റര്‍പോളിന്റെ വലയിലായത്.
വ്യാജ പാസ്പോര്‍ട്ടും വിസയും പോര്‍ച്ചുഗീസ് അധികൃതര്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. ഇന്ത്യയും പോര്‍ച്ചുഗീസും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ പദ്ധതിയില്ലാത്തതിനാല്‍ അബു സലിമിനെ വിട്ടുകിട്ടുന്ന കാര്യത്തില്‍ സംശയം നിലനില്ക്കുന്ന വേളയിലാണ് ഇക്കാര്യത്തില്‍ യുഎസ് സഹായമുണ്ടാകുമെന്ന ബ്ലാക് വില്ലിന്റെ പ്രസ്താവന.












Click it and Unblock the Notifications