ഗുജറാത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റി
അഹമ്മദാബാദ്: ഗുജറാത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നാല് മാസത്തേക്ക് നീട്ടിവെക്കാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ തീരുമാനിച്ചു. വോട്ടര്‍പ്പട്ടിക പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പിന് നീട്ടിവെക്കാന്‍ കാരണമായി പറഞ്ഞിരിക്കുന്നത്.
അതേ സമയം ജമ്മു കശ്മീരില്‍ ബി ജെ പി നേരിട്ട അപ്രതീക്ഷിതമായ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ പ്രേരണയായതെന്ന് ആരോപിക്കപ്പെടുന്നുണ്ട്. ഗുജറാത്തില്‍ എത്രയും പെട്ടെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്ന ബി ജെ പി സര്‍ക്കാരാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുന്നത്.
വോട്ടര്‍പ്പട്ടിക തയ്യാറാക്കാന്‍ തുടങ്ങിയിട്ടേയുള്ളൂവെന്നും അതുകൊണ്ട് ഉടന്‍ തിരഞ്ഞെടുപ്പ് നടത്താനാവില്ലെന്നും ഗുജറാത്ത് സര്‍ക്കാരിന്റെ വക്താവ് പുരുഷോത്തം രൂപാല പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വര്‍ഷം ആദ്യത്തില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. സര്‍ക്കാരിന്റെ ഭരണത്തോടുള്ള എതിര്‍പ്പ് വ്യാപകമായുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സംസ്ഥാനത്തെ വരള്‍ച്ച കണക്കിലെടുത്ത് ജൂണില്‍ വീണ്ടും തിരഞ്ഞെടുപ്പ് മാറ്റി.












Click it and Unblock the Notifications