രജനീകാന്ത് നിരാഹരം തുടങ്ങി
ചെന്നൈ: കാവേരി ജലം തമിഴ്നാടിന് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 13 ഞായറാഴ്ച തമിഴ് മെഗാതാരം രജനീകാന്ത് നിരാഹാര സത്യാഗ്രഹം ആരംഭിച്ചു.
ചെന്നൈ നഗരത്തിലെ ചെപ്പോക്കില്‍ സംസ്ഥാന അതിഥി മന്ദിരത്തിന് മുന്നില്‍ രാവിലെ എട്ട് മണിയ്ക്കാണ് നിരാഹാരം തുടങ്ങിയത്. നിരാഹാരം ഒമ്പത് മണിക്കൂര്‍ തുടരും.
മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ വിജയകുമാര്‍, അബാസ്, സംഗീത സംവിധായകന്‍ ഗണേഷ് എന്നിവരും നിരാഹാര സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്.
സത്യാഗ്രഹത്തിനായി ചെപ്പോക്കിലേക്ക് പോവുന്നതിന് മുമ്പ് തന്റെ വസതിയില്‍ വാര്‍ത്താ ലേഖകരോട് സംസാരിച്ച രജനീകാന്ത് സുപ്രിം കോടതി നിര്‍ദേശ പ്രകാരം കര്‍ണാടകം തമിഴ്നാടിന് വെള്ളം വിട്ടുതരണമെന്ന് ആവശ്യപ്പെട്ടാണ് തന്റെ നിരാഹാരമെന്ന് അറിയിച്ചു. തന്നെ ഒറ്റുകാരനെന്ന് വിളിച്ച ചലച്ചിത്ര സംവിധായകന്‍ ഭാരതിരാജയുടെ പ്രസ്താവനയെ പരാമര്‍ശിച്ച് വികാരത്തിനടിപെട്ടാണ് അദ്ദേഹം അത്തരം വാക്കുകള്‍ ഉപയോഗിച്ചതെന്നും അത് ഉചിതമല്ലെന്നും രജനീകാന്ത് പറഞ്ഞു.
സത്യാഗ്രഹ വേളയില്‍ വെള്ള കുര്‍ത്തയും പൈജാമയും ധരിച്ച രജനീകാന്ത് തീര്‍ത്തും നിശബ്ദനായി കാണപ്പെട്ടു. സത്യാഗ്രഹ പന്തലില്‍ മഹാത്മാഗാന്ധിയുടെയും തിരുവള്ളുവറുടെയും ചിത്രങ്ങളുണ്ട്. സുപ്രിം കോടതി വിധി ദൈവത്തിന്റെ വിധിയാണ് എന്ന മുദ്രാവാക്യവും വലുതായി എഴുതിവെച്ചിട്ടുണ്ട്.












Click it and Unblock the Notifications