വാജ്പേയിക്കെതിരെ താക്കറെ
മുംബൈ: തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ പ്രധാനമന്ത്രി വാജ്പേയി വേണ്ടത് ചെയ്തില്ലെന്ന് ശിവസേനാ നേതാവ് ബാല്‍ താക്കറെ. ഹിന്ദു ചാവേര്‍ സംഘത്തെ രൂപീകരിക്കണമെന്ന വിവാദപ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് വാജ്പേയിക്കെതിരായുള്ള താക്കറെയുടെ വിമര്‍ശനശരം.
ബിജെപി നേതാവായ വാജ്പേയിയും കേന്ദ്രസര്‍ക്കാരിനകത്തുള്ള വാജ്പേയിയും തമ്മില്‍ അന്തരമുണ്ട്. ബിജെപിയെ പ്രചരിപ്പിക്കുന്നതിന് മുന്നിട്ടുനിന്ന വാജ്പേയി പക്ഷെ പ്രധാനമന്ത്രിയായ ശേഷം കാര്യമായൊന്നും സംഭവിക്കുന്നില്ലെന്നും താക്കറെ ചൂണ്ടിക്കാട്ടി.
തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ അദ്ദേഹം എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ അതിത്രത്തോളം പടരില്ലായിരുന്നു. നമ്മുടെ ജവാന്മാര്‍ അതിര്‍ത്തിയില്‍ മരിച്ചുവീഴുമ്പോഴും അദ്ദേഹം വിദേശപര്യടനം തുടരുകയാണ്. - ബാല്‍ താക്കറെ പറഞ്ഞു.
ഹിന്ദു ചാവേര്‍ സംഘം രൂപീകരിക്കണമെന്ന അഭിപ്രായത്തില്‍ താന്‍ ഉറച്ചുനില്ക്കുകയാണ്. എന്നാല്‍ ഇത് മുസ്ലിങ്ങള്‍ക്കെതിരെയുള്ള സേനയല്ല. പാകിസ്ഥാനും തീവ്രവാദത്തിനും എതിരായ സേനയാണ്. ഈ പ്രസ്താവനയുടെ പേരില്‍ മുന്‍കൂര്‍ ജാമ്യം തേടാന്‍ തയ്യാറല്ല. - ബാല്‍ താക്കറെ പറഞ്ഞു.












Click it and Unblock the Notifications