കേന്ദ്രപദ്ധതികള്‍ നിര്‍ത്തണം: ആന്റണി
ദില്ലി: സംസ്ഥാനങ്ങള്‍ക്ക് അധികബാധ്യതവരുത്തുന്ന കേന്ദ്രസഹായപദ്ധതികള്‍ വേണ്ടെന്നുവയ്ക്കുകയോ അതല്ലെങ്കില്‍ വെട്ടിച്ചുരുക്കുകയോ വേണമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനകളുടെ താളംതെറ്റിക്കുകയാണ് പല കേന്ദ്രപദ്ധതികളും. ഇത്തരം കേന്ദ്രപദ്ധതികള്‍ സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാലത്തില്‍ ഒട്ടേറെ ബാധ്യതകള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസഹായത്തിന്റെ ഘടന ഇപ്പോഴുള്ളതില്‍ നിന്നും മാറ്റണം. ഇപ്പോള്‍ കേന്ദ്രസഹായത്തില്‍ 70 ശതമാനം വായ്പയായും 30 ശതമാനം ഗ്രാന്റായും ആണ് അനുവദിക്കുന്നത്. ഇതിന് പകരം 50 വായ്പയായും 50 ശതമാനം ഗ്രാന്റായും അനുവദിക്കണം. - അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങളുടെ സാമ്പത്തികബാധ്യത പുനക്രമീകരിക്കണം. ഒന്നുകില്‍ പഴയ കടങ്ങളെ 10 ശതമാനം പലിശയ്ക്കുള്ള പുതിയ വായ്പകള്‍കൊണ്ട് വച്ചുമാറ്റാന്‍ കഴിയണം. അതല്ലെങ്കില്‍ എല്ലാ കടങ്ങളെയും ഒറ്റയടിക്ക് ഏഴ് ശതമാനം പലിശയുള്ള 15 വര്‍ഷംകൊണ്ടടച്ചുതീര്‍ക്കേണ്ട ഒരൊറ്റ വായ്പയാക്കി മാറ്റണം. - ആന്റണി അഭിപ്രായപ്പെട്ടു.
ദാരിദ്യ്രനിര്‍മ്മാര്‍ജ്ജനത്തിനും സാമൂഹ്യക്ഷേമത്തിനുമുള്ള സഹായം ഗ്രാന്റായോ അതല്ലെങ്കില്‍ തീരെകുറഞ്ഞപലിശയ്ക്കുള്ള വായ്പയായോ അനുവദിക്കണം. 2001-2002കാലത്തേക്കാള്‍ കൂടുതലായി സംസ്ഥാനങ്ങള്‍ ഈ വര്‍ഷം അധികമായി സമാഹരിക്കുന്ന വിഭവങ്ങളുടെ 10 ശതമാനം പ്രത്യേക വാര്‍ഷിക പ്രോത്സാഹനഗ്രാന്റായി സംസ്ഥാനങ്ങള്‍ക്ക് നല്കണം. അധികംപറ്റ് (ഓവര്‍ ഡ്രാഫ്റ്റ് )സംബന്ധിച്ച നിബന്ധനകളില്‍ വീണ്ടും മാറ്റം വരുത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രം പിന്തിരിയണം. 2003 ഏപ്രിലില്‍ തന്നെ മൂല്യവര്‍ധിത നികുതി രാജ്യത്താകെ ഏര്‍പ്പെടുത്തണമെന്നും ആന്റണി ആവശ്യപ്പെട്ടു.












Click it and Unblock the Notifications