സി. എച്ച്. മുസ്തഫ ഇടഞ്ഞുതന്നെ
തിരുവനന്തപുരം: കാരണം കാണിക്കല്‍ നോട്ടീസിന് സി. എച്ച്. മുസ്തഫ നല്‍കിയ മറുപടിയില്‍ മതിയായ കാരണങ്ങളില്ലാതെയാണ് തനിക്ക് നോട്ടീസ് അയച്ചതെന്ന് തുറന്നടിക്കുന്നു.
നടപടി നേരിടാന്‍ മാത്രമുള്ള അച്ചടക്ക ലംഘനം താന്‍ നടത്തിയിട്ടില്ലെന്നാണ് മുസ്തഫ മറുപടിയില്‍ പറയുന്നത്. താന്‍ വിമര്‍ശിച്ച കെ. കരുണാകരന്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഭാരവാഹിയല്ല. ഔദ്യോഗിക ഭാരവാഹികളെ മനപൂര്‍വം വിമര്‍ശിച്ചാല്‍ മാത്രമേ നടപടിയെടുക്കാനാവൂവെന്നാണ് മുസ്തഫയുടെ വാദം.
കരുണാകരന് കടിഞ്ഞാണിടണമെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടതിനെയും മുസ്തഫ ന്യായീകരിക്കുന്നു. ഈ ആവശ്യം ഉന്നയിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് മുസ്തഫ പറയുന്നത്.
അച്ചടക്ക ലംഘനത്തിന് ഖേദപ്രകടനം നടത്താന്‍ മുസ്തഫ മറുപടിയില്‍ തയ്യാറായിട്ടില്ല. ഭരണഘടന പ്രകാരം അച്ചടക്ക ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഒന്നും താന്‍ ചെയ്തിട്ടില്ലെന്നാണ് മുസ്തഫ പറയുന്നത്. ഭരണഘടനയിലെ അച്ചടക്ക നടപടി വ്യവസ്ഥകളുടെ പ്രസക്തഭാഗങ്ങളുടെ കോപ്പി വിശദീകരണത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
യു ഡി എഫിലെ ഘടകക്ഷി നേതാക്കളായ ആര്‍. ബാലകൃഷ്ണപിള്ള, ഇ. അഹമ്മദ് എന്നിവര്‍ സോണിയാ ഗാന്ധിയെ കണ്ട് പരാതി ഉന്നയിച്ചതിനെ ചോദ്യം ചെയ്തതിനെയും മുസ്തഫ ന്യായീകരിക്കുന്നു. ഘടകകക്ഷികള്‍ക്കുള്ള പരാതികള്‍ ആദ്യം മുഖ്യമന്ത്രിയെയോ സംസ്ഥാന ഘടകത്തെയോ ധരിപ്പിക്കാതെ നേരിട്ട് കേന്ദ്രനേതൃത്വത്തെ സമീപിച്ചത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കലാണെന്ന് മുസ്തഫ പറയുന്നു.
കെ പി സി സി പ്രസിഡന്റിന് അയച്ച മറുപടിയുടെ കോപ്പി മുഖ്യമന്ത്രി എ. കെ. ആന്റണി, യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി, എ ഐ സി സി ജനറല്‍ സെക്രട്ടറി വയലാര്‍ രവി, സോണിയാഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണി എന്നിവര്‍ക്കും അയച്ചിട്ടുണ്ട്.












Click it and Unblock the Notifications