സ്ത്രീപീഡനം: 16 ജവാന്മാര്‍ കസ്റഡിയില്‍
തിരുവനന്തപുരം: കേരള എക്സ്പ്രസില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച 16 സിആര്‍പിഎഫ് ജവാന്മാരെ പൊലീസ് കസ്റഡിയിലെടുത്തു. ഒക്ടോബര്‍ 22 ചൊവാഴ്ച നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പെണ്‍കുട്ടികള്‍ തങ്ങളെ പീഡിപ്പിച്ച 16 ജവാന്മാരെയും തിരിച്ചറിഞ്ഞത്.
സ്ത്രീകളെ ശാരീരികമായി ഉപദ്രവിക്കല്‍, ബലംപ്രയോഗിച്ച് തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ കുററങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്. കുറ്റക്കാരായ 16 പേരുടെയും തൊഴില്‍ നഷ്ടപ്പെടുമെന്ന് ഉയര്‍ന്ന സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചതായി പറയുന്നു.
തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ 50 സിആര്‍പിഎഫ് ട്രെയിനി ജവാന്മാര്‍ പങ്കെടുത്തു. മധ്യപ്രദേശില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ട കേരളാ എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന ഈ 50 സിആര്‍പിഎഫ് ട്രെയിനി ജവാന്മാര്‍ അതേ തീവണ്ടിയില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചുവെന്നാണ് ആരോപണം . അന്ന് തീവണ്ടിയില്‍ യാത്ര ചെയ്ത മധ്യപ്രദേശിലെ പിപ്പിരിയ ബര്‍സേബ ഹയര്‍സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥിനികളില്‍ 13 പേര്‍ തിരിച്ചറിയല്‍ പരേഡില്‍ പങ്കെടുത്തു.
പീഡനത്തിന് വിധേയരായ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ പരേഡില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തുകയായിരുന്നു.
ഒക്ടോബര്‍ 21 തിങ്കളാഴ്ച കൊച്ചിയില്‍ പരേഡ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ യൂണിഫോം ധരിച്ചെത്തിയ ജവാന്മാരെ തിരിച്ചറിയാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയുമോയെന്ന സംശയമുള്ളതുകൊണ്ട് പരേഡ് മാറ്റിവെക്കുകയായിരുന്നു. കേരള എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോള്‍ ജവാന്മാര്‍ മഫ്തിയിലായിരുന്നു.
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥിനികള്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് പരേഡ് തിരുവനന്തപുരത്തു വെച്ച് നടത്തിയത്.












Click it and Unblock the Notifications