തഹല്‍ക്ക മരിക്കുന്നു
ദില്ലി: പ്രതിരോധരംഗത്തെ അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്നതിലൂടെ ശ്രദ്ധേയമായ വാര്‍ത്താ പോര്‍ട്ടലായ തെഹല്‍ക്ക പ്രവര്‍ത്തനം നിര്‍ത്തുന്നു. തെഹല്‍ക്കയുടെ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. എന്നാല്‍ ഇത് താല്കാലികം മാത്രമാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് എന്ന രഹസ്യപദ്ധതിയിലൂടെ തെഹല്‍ക്കയുടെ സാഹസികരായ റിപ്പോര്‍ട്ടര്‍മാര്‍ സ്യൂട്ട്കേസിനുള്ളില്‍ വെബ്ക്യാമറ ഒളിപ്പിച്ചുവച്ചാണ് പ്രതിരോധരംഗത്തെ ചീഞ്ഞുനാറുന്ന അഴിമതിക്കഥകള്‍ പകര്‍ത്തിയത്. ഈ വാര്‍ത്ത പുറത്തുവന്നതോടെ പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനും ബിജെപി ദേശീയ പ്രസിഡന്റായ ബംഗാരു ലക്ഷ്മണിനും രാജിവയ്ക്കേണ്ടിവന്നു.
സാമ്പത്തികപ്രതിസന്ധി മൂലം പോര്‍ട്ടലിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ലെന്നതാണ് കാരണമായി തരുണ്‍ തേജ്പാല്‍ ചൂണ്ടിക്കാട്ടുന്നത്. നാലുദിവസം മുമ്പ് മുതല്‍ പോര്‍ട്ടലില്‍ ഞങ്ങള്‍ വാര്‍ത്തകള്‍ അപ്ഡേറ്റ്ചെയ്യുന്നത് നിര്‍ത്തി- തേജ്പാല്‍ പറഞ്ഞു.
അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവന്നതിന് ശേഷം ബിജെപി സര്‍ക്കാര്‍ തങ്ങളെ വേട്ടയാടുന്നതായി തെഹല്‍ക്ക പരാതിപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി തെഹല്‍ക്ക ഓഫീസില്‍ പല കുറി റെയ്ഡുകള്‍ നടന്നു. തെഹല്‍ക്കയുടെ ചില റിപ്പോര്‍ട്ടര്‍മാര്‍ കേസുകളില്‍ കുടുങ്ങുകയും ചെയ്തു.
ഞങ്ങളുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഓഫീസ്ബോയ്മാരും ഡ്രൈവര്‍മാരും മാത്രമേ ശമ്പളം പറ്റുന്നൂള്ളൂ. ബാക്കി പത്രപ്രവര്‍ത്തകരായ ഞങ്ങള്‍ ആറ് പേരും ശമ്പളം പറ്റാതെ ജോലിചെയ്യുന്നവരാണ്.- തരുണ്‍ തേജ്പാല്‍ പറഞ്ഞു.
പക്ഷെ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നത് താല്ക്കാലികം മാത്രമാണെന്നും കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമെന്നും തെഹല്‍ക്കയുടെ ഇന്‍വെസ്റീഗേറ്റിംഗ് എഡിറ്റര്‍ അനിരുദ്ധ ബഹല്‍ പറഞ്ഞു. ഞങ്ങളുടെ വെബ്സൈറ്റില്‍ പോയാല്‍ സാങ്കേതികവും സാമ്പത്തികവുമായ കാരണങ്ങളാല്‍ കൂടുതല്‍ വാര്‍ത്തകള്‍ നല്കാന്‍ കഴിയുന്നില്ലെന്ന ക്ഷമാപണം കാണാം. എന്നാല്‍ തെഹല്‍ക്ക അടച്ചുപൂട്ടുന്നുവെന്ന് ഇതര്‍ത്ഥമാക്കുന്നില്ല - അനിരുദ്ധ ബഹല്‍ പറഞ്ഞു.












Click it and Unblock the Notifications