ആര്‍എസ്എസ് പ്രതിച്ഛായ മാറ്റുന്നു
ആലപ്പുഴ: കേരളത്തില്‍ ജാതീയ സംഘടനകളുമായി അടുത്ത് പ്രവര്‍ത്തിച്ചുകൊണ്ട് തങ്ങളുടെ പ്രതിച്ഛായ മാറ്റാന്‍ രാഷ്ടീയ സ്വയം സേവകസംഘം (ആര്‍എസ്എസ്) ശ്രമിക്കുന്നു. ഇതുവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് വേറിട്ട് പ്രവര്‍ത്തിക്കുന്ന രീതിയായിരുന്നു ആര്‍എസ്എസിന്റേത്.
ഇക്കഴിഞ്ഞ വിജയദശമി ദിവസത്തില്‍ എല്ലാ ജാതീയ സംഘടനകളുടെയും നേതാക്കളെ ഉള്‍പ്പെടുത്തി കേരളത്തിലുടനീളം യോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ ആര്‍എസ്എസ് വിജയിച്ചു. എന്‍എസ്എസ്, എസ്എന്‍ഡിപി, വിശ്വകര്‍മ്മസഭ, പുലയര്‍ മഹാസഭ തുടങ്ങി എല്ലാ ജാതീയസംഘടനകളുടെ പ്രതിനിധികളേയും ആര്‍എസ്എസ് യോഗങ്ങളിലേക്ക് ക്ഷണിച്ചിരുന്നു.
യോഗവേദിയില്‍ മുഖ്യപ്രഭാഷകനെ മാത്രം കസേരയിട്ടിരുത്തുക എന്നതായിരുന്നു ഇതുവരെ ആര്‍എസ്എസിന്റെ ശൈലി. ഇക്കുറി അതിലും മാറ്റം വരുത്തി. എല്ലാ ജാതീയ സംഘടനകളുടെയും നേതാക്കളെ വേദിയില്‍ കസേര നല്കിയിരുത്തുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചിലയിടങ്ങളില്‍ യോഗത്തിന് സാംസ്കാരികനേതാക്കളേയും പ്രസംഗിക്കാന്‍ ക്ഷണിച്ചിരുന്നു.
കേരളത്തിലെ തന്നെ ഒരു ആര്‍എസ്എസ് നേതാവ് മുന്നോട്ട് വച്ച നിര്‍ദേശമനുസരിച്ചാണ് ഈ പുതിയ ശൈലി കേരളത്തില്‍ ആര്‍എസ്എസ് തുടങ്ങിവച്ചത്. കഴിഞ്ഞ രക്ഷാബന്ധന്‍ ദിനത്തില്‍ ഈ ശൈലി തൃശൂരില്‍ പരീക്ഷിച്ച് വിജയം നേടിയിരുന്നു. അന്ന് രക്ഷാബന്ധന്‍ ദിനത്തില്‍ പങ്കെടുക്കാന്‍ ഹിന്ദു ജാതീയ സംഘടനകള്‍ക്ക് നല്കിയ ക്ഷണത്തോട് ആവേശത്തോടെയാണ് ഈ സംഘടനകള്‍ പ്രതികരിച്ചത്. ഇതോടെ ഈ ശൈലി കേരളത്തിലാകെ പിന്തുടരാമെന്ന് തീരുമാനിക്കുകയായിരുന്നു.
കേരളത്തിലെ ജാതീയ സംഘടനകളുമായി കൂടുതല്‍ അടുത്തിടപഴകി പ്രവര്‍ത്തിക്കാന്‍ ഭാവിയില്‍ ആര്‍എസ്എസ് തയ്യാറായേക്കും എന്നാണ് സൂചന. വിശാലമായ ഹിന്ദു ഐക്യം നേടിയെടുക്കുക എന്നതാണ് ആര്‍എസ്എസ് ലക്ഷ്യം.












Click it and Unblock the Notifications