കൊളത്തൂര്‍ മണിയ്ക്ക് ജാമ്യം
ബാംഗ്ലൂര്‍: തമിഴ് ദേശീയവാദി കൊളത്തൂര്‍ മണിക്ക് ഒരു കേസില്‍ ജാമ്യം നല്കാന് മൈസൂര്‍ സെഷന്‍സ് കോടതി തീരുമാനിച്ചു. തട്ടിക്കൊണ്ടുപോയ ജനതാദള്‍ നേതാവ് എച്ച്. നാഗപ്പയെ മോചിപ്പിക്കാന്‍ വീരപ്പന് മുന്നോട്ട് വച്ച പ്രധാന ആവശ്യം കൊളത്തൂര്‍ മണിയുടെ മോചനമാണ്.
ഇതോടെ രണ്ടു മാസം നീണ്ട തട്ടിക്കൊണ്ടുപോകല്‍ നാടകത്തിന് അടുത്തുതന്നെ പരിഹാരമുണ്ടാകുമെന്ന് കരുതുന്നു. പക്ഷെ ഇപ്പോള്‍ ബെല്ലാരി ജയിലില്‍ കഴിയുന്ന കൊളത്തൂര്‍ മണിയുടെ മോചനത്തിന് ഇനിയും കടമ്പകള്‍ ഏറെയുണ്ട്.
കര്‍ണ്ണാടക ഹൈക്കോടതിയിലും കൊല്ലേഗല്‍ കോടതിയിലും കൊളത്തൂര്‍ മണിയ്ക്കെതിരായി കേസുകള്‍ നിലവിലുണ്ട്. ഈ കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാലേ കൊളത്തൂര്‍ മണിയെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയൂ. എച്ച്. നാഗപ്പയുടെ മോചനം സാധ്യമാക്കാന്‍ കൊളത്തൂര്‍ മണിയെത്തന്നെ കാട്ടിലേക്കയക്കാന്‍ കഴിഞ്ഞ ദിവസമാണ് കര്‍ണ്ണാടകസര്‍ക്കാര്‍ തീരുമാനിച്ചത്.