വ്യാവസായിക രാജ്യങ്ങളുടെ ആവശ്യം തള്ളി
ദില്ലി: കാലാവസ്ഥാ മാറ്റം തടയുന്നതില്‍ വികസ്വര രാജ്യങ്ങള്‍ കൂടുതലായി ശ്രദ്ധിക്കണമെന്ന വ്യാവസായിക രാജ്യങ്ങളുടെ ആവശ്യത്തെ പ്രധാനമന്ത്രി വാജ്പേയി തളളിക്കളഞ്ഞു.
കാലാവസ്ഥാ മാറ്റം സംബന്ധിച്ച എട്ടാമത് യു എന്‍ സമ്മേളനത്തില്‍ ഒക്ടോബര്‍ 30 ബുധനാഴ്ച സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്ക് പോലും മതിയായ വിഭവങ്ങള്‍ വികസ്വര രാജ്യങ്ങളിലില്ല. ഈ സാഹചര്യത്തില്‍ കാലാവസ്ഥാ മാറ്റം തടയുന്നതില്‍ കൂടുതലായി ശ്രദ്ധിച്ചാല്‍ ഇപ്പോള്‍ തന്നെ ദുര്‍ബലമായ വികസ്വര രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതിയെ ബാധിക്കും. വികസ്വര രാജ്യങ്ങളുടെ വികസനത്തിനായി വികസിത രാജ്യങ്ങള്‍ കൂടുതല്‍ പണം ചെലവഴിയ്ക്കണം. മാത്രമല്ല പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുന്ന കൂടുതല്‍ കാര്യങ്ങളും ചെയ്യുന്നത് വികസിത രാജ്യങ്ങളിലെ ജനതയാണ്.
ലോകത്തെ പാരിസ്ഥിതിക സമ്പത്തില്‍ ലോകത്തെ ഓരോ പൗരനും അളോഹരി അവകാശമാണ് വേണ്ടത്. ജനാധിപത്യപരമായ ഒരു അവകാശം മാത്രമാണിത്. വാജ് പേയി പറഞ്ഞു.
വികസിത രാജ്യങ്ങളാണ് പരിസ്ഥിതിയ്ക്ക് മാരകമായ ഗ്രീന്‍ ഹൗസ് ഗ്യാസ് (അന്തരീക്ഷത്തിന്റെ മേലേതട്ടിലെ ഓസോണ്‍ പാളികളില്‍ വിള്ളലുണ്ടാക്കുന്ന വാതകങ്ങളാണ് ഗ്രീന്‍ഹൗസ് വാതകങ്ങള്‍) കൂടുതല്‍ പുറപ്പെടുവിയ്ക്കുന്നത്. വികസ്വര രാജ്യങ്ങല്‍ ഇത്തരം വാതകങ്ങള്‍ വളരെ കുറച്ച് മാത്രമേ പുറപ്പെടുവിയ്ക്കുന്നുള്ളു. എന്നിട്ടും പരിസ്ഥിതി മലിനീകരണത്തിന് പ്രധാന കാരണം വികസ്വര രാജ്യങ്ങളാണെന്ന വാദം അര്‍ത്ഥശൂന്യമാണ്.
ഇപ്പോഴത്തെ സ്ഥിതിയില്‍ വികസ്വര രാജ്യങ്ങള്‍ കാലാവസ്ഥാ മാറ്റത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചേ മതിയാവൂ. വികസ്വര രാജ്യങ്ങളുടെ മുന്നില്‍ വേറെ മാര്‍ഗമില്ല- വാജ്പേയി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications