സമരം: എയര്‍ ടിക്കറ്റ് ബുക്കിംഗ് തകരാറിലായി
മലപ്പുറം: ടെലികോം ഓഫീസര്‍മാരുടെ ചട്ടപ്പടി സമരത്തെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനം തകരാറിലായി.സമരം തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളെ ബാധിക്കുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.
വിമാനങ്ങള്‍ പോവുന്നതും ഇറങ്ങുന്നതും സംബന്ധിച്ച വിവരം കൈമാറുന്ന ടെലിപ്രിന്റര്‍ സര്‍ക്യൂട്ട് സമരത്തെ തുടര്‍ന്ന് ഒക്ടോബര്‍ 30 ബുധനാഴ്ച തകരാറിലായി. ഫാക്സ് ഉപയോഗിച്ചാണ് ഇപ്പോള്‍ വിമാനങ്ങള്‍ പോവുന്നതും ഇറങ്ങുന്നതും സംബന്ധിച്ച വിവരം കൈമാറുന്നത്. എന്നാല്‍ ഇപ്പോഴത്തെ സംവിധാനവും സമരം തുടര്‍ന്നാല്‍ തകരാറിലാവാന്‍ സാധ്യതയുണ്ട്.
തിങ്കളാഴ്ച കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ബുക്കിംഗ് മൂന്ന് മണിക്കൂറേക്ക് മുടങ്ങി. കോഴിക്കോട് എയര്‍ ഇന്ത്യാ ഓഫീസിനെ നെടുമ്പാശേരി വിമാനത്താവളം വഴി മുംബൈ ഓഫീസുമായി ബന്ധിപ്പിക്കുന്ന 64 കെ ബി ലൈന്‍ തകറാറിലായി.
ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ കോഴിക്കോട് ഓഫീസിനെ ചെന്നൈ വഴി ദില്ലി ഓഫീസുമായി ബന്ധിപ്പിക്കുന്ന ലൈനും തിങ്കളാഴ്ച നാല് തവണ തകരാറിലായി. ഉംമ്ര തീര്‍ഥാടനത്തിനായി ജിദ്ദയിലേക്ക് പോവാനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതും സമരം തുടരുകയാണെങ്കില്‍ തടസപ്പെടും. റെയില്‍വെ സ്റേഷനുകളിലെ റിസര്‍വേഷന്‍ സംവിധാനത്തെയും സമരം ബാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications