കൃഷ്ണമൂര്‍ത്തിയുടെ നിയമനം വിവാദം
തിരുവനന്തപുരം: മുന്‍ ചീഫ്സെക്രട്ടറി വി. കൃഷ്ണമൂര്‍ത്തിയെ കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ചെയര്‍മാനായി നിയമിച്ച നടപടി വിവാദക്കുരുക്കിലേക്ക്. സാങ്കേതികപ്രശ്നത്തെ തുടര്‍ന്നാണ് ഈ നിയമനം വിവാദത്തിലേക്ക് നീങ്ങുന്നത്.
സാങ്കേതിക തടസ്സം മൂലം കൃഷ്ണമൂര്‍ത്തിയുടെ നിയമനത്തിന് ഇനിയും സമയമെടുക്കുമെന്ന് ഈയിടെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറിയായി വിരമിച്ച് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞയുടനെയാണ് അദ്ദേഹത്തെ കെഎസ്ഐഡിസി ചെയര്‍മാനായി നിയമിച്ചത്. പിന്നീടാണ് കെഎസ്ഐഡിസിയ്ക്ക് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന തസ്തികയില്ലെന്ന പ്രശ്നം ഉയര്‍ന്നുവന്നത്.
ചീഫ് സെക്രട്ടറി തസ്തികയില്‍ നിന്ന് പിരിയാന്‍ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ സ്വയം വിരമിയ്ക്കല്‍ പദ്ധതി അനുസരിച്ചാണ് ഇദ്ദേഹം പിരിഞ്ഞത്.
ഇത്തരമൊരു തസ്തികയില്‍ നിയമനം നടത്തുന്നത് കെഎസ്ഐഡിസിയുടെ നിയമത്തിന്റെ ലംഘനമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടെയാണ് കൃഷ്ണമൂര്‍ത്തിയുടെ നിയമനം മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കെഎസ്ഐഡിസിയുടെ പാര്‍ട്-ടൈം ചെയര്‍മാനായി അദ്ദേഹത്തെ നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. പക്ഷെ മന്ത്രിസഭയ്ക്ക് മാത്രമേ അത്തരമൊരു തീരുമാനമെടുക്കാന്‍ അധികാരമുള്ളൂ.












Click it and Unblock the Notifications