ലീഗുകാര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു
കരിപ്പൂര്‍: ജിദ്ദാ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി ഡോ. എം. കെ. മുനീറിനെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു.
ആക്രമണത്തെ തുടര്‍ന്ന് മന്ത്രി മുനീറിനെ പൊലീസ് സംഘം വിമാനത്താവളത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അതേ സമയം തന്നെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ലെന്ന് മുനീര്‍ പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ വരവ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ലീഗ് പ്രവര്‍ത്തകര്‍ ഓടിച്ചിട്ട് മര്‍ദിച്ചു. 20 മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പൊലീസ് നോക്കിനില്‍ക്കെയാണ് ആക്രമണം നടന്നത്. മാധ്യമങ്ങളുടെ വാഹനങ്ങള്‍ക്കു നേരെ ലീഗ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തി.
ലീഗ് പ്രവര്‍ത്തകരുടെ വന്‍സംഘം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ക്രൂരമായ മര്‍ദനമാണ് അഴിച്ചുവിട്ടത്. ഇന്ത്യാവിഷന്റെ വാഹനം അക്രമികള്‍ തകര്‍ത്തു. ഇന്ത്യാവിഷനിലെ ക്യാമറാമാന് ജയന് സി, റിപ്പോര്‍ട്ടര്‍ ഉണ്ണിക്കൃഷ്ണന്, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ദീപ, ക്യാമറാമാന് രമേശ്, ബിജു മുരളീധരന്, സൂര്യ ടിവിയിലെ ജയന് കോമത്ത്, കൈരളിയിലെ ശൈലേഷ്, കെ. പി. രമേഷ്, ഋഷി കെ. മനോജ്, ജീവന് ടിവിയുടെ ക്യാമറാമാന് സുരേഷ് ഇരുമ്പനം, അയ്യപ്പദാസ്, എന്‍ടിവിയിലെ സജീവ് വാര്യര്‍, കേരളശബ്ദത്തിലെ പ്രദീപ് ഉഷസ്, ജന്മഭൂമിയിലെ ദീപക് ധര്‍മടം തുടങ്ങിയവരെയാണ് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇന്ത്യാ വിഷന്റെ വാഹനം പൂര്‍ണ്ണമായി തകര്‍ത്തു.
പല മാധ്യമപ്രവര്‍ത്തകരെയും ലീഗുകാര്‍ തടഞ്ഞുവച്ചു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ദീപയെ അസഭ്യം പറയുകയും തള്ളിയിടുകയും ചെയ്തു.
കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടന്നതില്‍ പ്രതിഷേധിച്ച് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന് ബഹിഷ്കരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ലീഗ് പ്രസിഡന്റ് പാണക്കാട് തങ്ങളുടെ നിര്‍ദേശം പ്രകാരം മന്ത്രി കുട്ടി അഹമ്മദ് കുട്ടി കോഴിക്കോട്ടെത്തി പരിപാടി ബഹിഷ്കരിക്കരുതെന്ന് ആവശ്യപ്പെടുകയും എല്ലാ സുരക്ഷയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.
എന്നാല്‍ അവിടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ലീഗ് പ്രവര്‍ത്തകരുടെ വിളയാട്ടമാണ് കണ്ടത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും കാര്യമായ പൊലീസ് കാവല്‍ വിമാനത്താവളത്തിലുണ്ടായിരുന്നില്ല.












Click it and Unblock the Notifications