പിള്ള മുന്നണി വിടണം: മുരളീധരന്‍
കൊച്ചി: യുഡിഎഫ് നയങ്ങളെ വിമര്‍ശിക്കുന്ന ബാലകൃഷ്ണപിള്ള മുന്നണി വിടുകയാണ് വേണ്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. നവമ്പര്‍ ഒന്ന് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് നയങ്ങളെ വിമര്‍ശിക്കുന്ന ഘടകകക്ഷികള്‍ ആരായാലും അഭിപ്രായഭിന്നതയുണ്ടെങ്കില്‍ മുന്നണി വിടുകയാണ് വേണ്ടത്. ഈ സര്‍ക്കാരിന്റെ നയങ്ങളോട് വിയോജിപ്പുണ്ടെങ്കില്‍ അവരുടെ മന്ത്രിമാരെ പിന്‍വലിക്കട്ടെ. യുഡിഎഫിനോട് യോജിപ്പില്ലാത്തവര്‍ മുന്നണി വിടട്ടെ. - മുരളീധരന്‍ പറഞ്ഞു.
തിരുവനന്തപുരത്തുണ്ടായ അക്രമങ്ങള്‍ക്കെല്ലാം കാരണം ബാലകൃഷ്ണപിള്ളയുടെ പ്രകോപനപരമായ പ്രസംഗമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇനിയും ഇവിടെ ഇരുന്നുകൊണ്ട് ഈ പരിപാടി ചെയ്യാന്‍ അനുവദിക്കില്ല. ഈ സര്‍ക്കാര്‍ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നവരാണെങ്കില്‍ അവരുമായി അധികാരം പങ്കിടരുത്. - മുരളി അഭിപ്രായപ്പെട്ടു.
ബാലകൃഷ്ണപിള്ളയ്ക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അഭിപ്രായഭിന്നതകളുണ്ടെങ്കില്‍ യുഡിഎഫ് ഏകോപന സമിതിയില്‍ പറയണം. അല്ലാതെ അക്രമങ്ങളുണ്ടാക്കാന്‍ പ്രകോപനപരമായി പ്രസംഗിക്കുകയല്ല വേണ്ടത്. എന്തായാലും ഈ പ്രശ്നം നവമ്പര്‍ നാലിന് ചേരുന്ന യുഡിഎഫ് ഏകോപനസമിതി യോഗം ചര്‍ച്ചചെയ്യുമെന്നും ആവശ്യമെങ്കില്‍ പിള്ളയ്ക്കെതിരെ നടപടിയെടുക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി.
ഈ സര്‍ക്കാരിന്റെ പൊലീസ് നയങ്ങളില്‍ തകരാറൊന്നുമില്ല. കഴിഞ്ഞ ദിവസം പൊലീസ് ക്യാമ്പ് സന്ദര്‍ശിക്കാന്‍ പോയ എംഎല്‍എമാരെ തടഞ്ഞ പൊലീസുദ്യോഗസ്ഥന്‍ കോഴിക്കോട് റൂറല്‍ എസ്പിയായിരുന്ന ആളാണ്. ഇത്തരത്തിലുള്ള ചില പൊലീസുദ്യോഗസ്ഥരാണ് സര്‍ക്കാരിന്റെ പൊലീസ് നയം അട്ടിമറിക്കുന്നത്. അവര്‍ക്കെതിരെ മുഖ്യമന്ത്രി ഉചിതമായ നടപടിയെടുക്കുമെന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications