കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐക്യമുന്നണി യോഗം ചൊവ്വാഴ്ച; കുഞ്ഞാലിക്കുട്ടി തന്നെ വിഷയം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഐക്യമുന്നണി യോഗത്തിന് ഇക്കുറി അജണ്ടയിലില്ലാത്ത വിഷയങ്ങളുടെ ബഹളമാണ്. യോഗം ശബ്ദായമാനമാവാനും വേണമെങ്കില്‍ വഗ്വാദവും ഇറങ്ങിപോക്കും നടക്കാനും സാദ്ധ്യത ഏറെയാണ്.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയോട് അനുബന്ധിച്ച് നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് വിളിച്ചുകൂട്ടിയ ജില്ലയിലെ യുഡിഎഫ് നേതാക്കളുടെ യോഗത്തില്‍ കേരള കോണ്‍ഗ്രസ് പിള്ള, ജേക്കബ് ഗ്രൂപ്പുകളും ആര്‍എസ്പി(ബി)യും പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമാണ്.

എങ്കിലും പ്രധാന വിഷയം മുസ്ലിം ലീഗും കുഞ്ഞാലിക്കുട്ടിയും ഐസ്ക്രീം പാര്‍ലര്‍ ലൈഗിക അപവാദവും തന്നയായിരിയ്ക്കും. റജീനയുടെ വെളിപ്പെടുത്തലുകള്‍ ബ്ലാക്ക് മെയില്‍ രാഷ്ട്രീയമാണെന്നാണ് ആദ്യം കോണ്‍ഗ്രസ് സൂചിപ്പിച്ചതെങ്കിലും അത്തരം വാദം ഉയര്‍ത്തി ചര്‍ച്ച അവസാനിപ്പിയ്ക്കാന്‍ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് മാണി നേതാക്കള്‍ക്ക് കഴിയില്ല.

ഇപ്പോള്‍ അത് കേരളത്തിന്റെ ക്രമസമാധാന പ്രശ്നമാണ്. ലീഗ് എന്തെങ്കിലും പറയട്ടെ എന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചതുകൊണ്ടാണ് കാര്യമായ അഭിപ്രായപ്രകടനങ്ങള്‍ ഒന്നും കോണ്‍ഗ്രസ് പക്ഷത്ത് നിന്ന് ഉണ്ടാവാത്തത്.

തനിയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിയ്ക്കാനായി പിള്ളയേയും ജേക്കബ്ബിനേയും സ്വാധീനിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ് കുഞ്ഞാലിക്കുട്ടി. എന്നാല്‍ ഇത് എത്രത്തോളം വിജയിയ്ക്കുമെന്ന് കണ്ടറിയണം. ഇരുവരേയും മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിനിറുത്തിയപ്പോള്‍ ലീഗോ കുഞ്ഞാലിക്കുട്ടിയോ ഇവര്‍ക്ക് അനുകൂലമായ നിലപാടല്ല എടുത്തതെന്നത് ശ്രദ്ധേയമാണ്. ഇരുവരും കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ പ്രതികരിയ്ക്കുകയും ചെയ്തു.

ലീഗിന്റെ പ്രശ്നങ്ങള്‍ക്ക് പുറമേയാണ് ആര്‍എസ്പി (ബി), കേരളാ കോണ്‍ഗ്രസ് പിള്ള ജേക്കബ് എന്നീ കക്ഷികളും ഐക്യമുന്നണിയുമായുള്ള പ്രശ്നം. കരിമണലും മറ്റൊരു പ്രധാന വിഷയമാവും.

ആര്‍ എസ് പി ബി ജനറല്‍ സെക്രട്ടറിയും നേതൃത്ത്വവും മന്ത്രി ബാബു ദിവാകരനോട് ഉടക്കി നില്‍ക്കുകയാണ്. താമരാക്ഷനാണ് സാധാരണ ഐക്യമുന്നണി യോഗത്തില്‍ പങ്കെടുക്കുക. അതുകൊണ്ട് ഇദ്ദേഹം ബാബു ദിവാകരനെതിരെയുള്ള പാര്‍ട്ടിയുടെ വികാരം ഐക്യമുന്നണി യോഗത്തില്‍ പ്രകടിപ്പിച്ചേയ്ക്കും.

മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതുകാരണം ഇടഞ്ഞ് നില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ് (ജേക്കബ്), (പിള്ള) വിഭാഗങ്ങള്‍. ഐക്യമുന്നണി നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ യോഗത്തില്‍ ഉന്നയിയ്ക്കാന്‍ തന്നെയാണ് ഇരു നേതാക്കളുടേയും തീരുമാനം. തങ്ങളെ അറിയിയ്ക്കാതെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കി എന്ന് ഇവര്‍ നിരന്തരം പരാതിപ്പെടുന്നുണ്ട്. ഐക്യമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടി നടത്തുന്നതും ഇവര്‍ പ്രശ്നമായി ഉന്നയിയ്ക്കുന്നുണ്ട്.

ഇതിനിടെ മാവേലിക്കര നഗരസഭയില്‍ ജേക്കബ് തന്റെ ശൗര്യം ഐക്യമുന്നണിയ്ക്ക് കാണിച്ചുകൊടുത്തു. ജേക്കബ്ബിന്റെ പിന്തുണയോടെ നഗരസഭയിടെ പുതിയ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത് ഒരു ഇടതുമുന്നണിക്കാരനെയാണ്. അതു സി പി എം നേതാവായ കെ. ബാലചന്ദ്രനെ. മാവേലിക്കര നഗരസഭയില്‍ ഇത് ആദ്യമായാണ് സി പി എം അധികാരത്തിലെത്തുതന്നത്. ഇത് കോണ്‍ഗ്രസിനേയും മാണി കേരള കോണ്‍ഗ്രസിനേയും കുറച്ചച്ചൊന്നുമല്ല വേദനിപ്പിച്ചിരിയ്ക്കുന്നത്. തനിയ്ക്കും ചിലതൊക്കെ ചെയ്യാനാവുമെന്ന് കാണിച്ച് കൊടുക്കാന്‍ ജേക്കബ് കിട്ടിയ അവസരം പൂര്‍ണമായും ഉപയോഗിച്ചു. രാഷ്ട്രീയമായി നോക്കിയാല്‍ ഇത് തന്ത്ര ബുദ്ധി തന്നെ.

വൈകീട്ട് മൂന്ന് മണിയ്ക്കാണ് യോഗം നിശ്ചയിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഐക്യമുന്നണി കണ്‍വീനര്‍ പി.പി. തങ്കച്ചനും കോണ്‍ഗ്രസിിലെയും ഐക്യമുന്നണിയിലേയും ഘടകകക്ഷികളിലേയും പ്രമുഖ നേതാക്കളുമായി ചര്‍ച്ച നടത്തിയാണ് ഈ തീരുമാനമെടുത്തത്.

കരിമണല്‍ വിവാദം കാരണം ഐക്യമുന്നണിയ്ക്ക് ഉണ്ടായ കേട് തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്ത്വം കിണഞ്ഞ് പരിശ്രമിയ്ക്കുന്നുണ്ട്. എന്നാല്‍ ഇത് അത്ര എളുപ്പം പരിഹരിയ്ക്കാവുന്ന കാര്യമല്ല. എന്നാല്‍ ഇപ്പോള്‍ അതിനേക്കാള്‍ വന്‍ പ്രശ്നങ്ങള്‍ ഉയര്‍ന്ന് വന്നിരിയ്ക്കുന്നത് കോണ്‍ഗ്രസിന് അനുകൂലമാണ്. പക്ഷേ ഐക്യമുന്നണിയിലെ പ്രശ്നം കോണ്‍ഗ്രസ് തന്നെ പരിഹരിയ്ക്കണമെന്നതുകൊണ്ട് അത് കോണ്‍ഗ്രസിന് തലവേദനയുമാണ്. ഐസ്ക്രീം പാര്‍ലര്‍ ലൈംഗിക വിവാദവും അതില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിയ്ക്കുള്ള പങ്കുമാണ് പുതിയ പ്രശ്നം. പ്രശ്നം ഐസ്ക്രീമാണെങ്കിലും അതിന് തണുപ്പ് ഒട്ടുമേയില്ല.

കരിമണല്‍ പ്രശ്നത്തിന്റെ പേരില്‍ വി.എം. സുധീരനും കുഞ്ഞാലിക്കുട്ടിയും വാക് പയറ്റ് നടത്തിയിരുന്നു. എന്നാല്‍ ഈ വാക് പയറ്റിന് ഐസ്ക്രീം ലൈഗിക പീഡന കേസിലെ ഇരയായ റജീനയുടെ വെളിപ്പെടുത്തലുകള്‍ പുതിയ മാനം നല്‍കിയിരിയ്ക്കുകയാണ്. ഒളിഞ്ഞും തെളിഞ്ഞും റജീനയ്ക്ക് പിന്നില്‍ കരിമണല്‍ ലോബിയാണെന്ന് പറയുകയാണ് ലീഗും ലീഗിനെ അനുകൂലിയ്ക്കുന്നവരും. കുഞ്ഞാലിക്കുട്ടിയ്ക്ക് അനുകൂലമായി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയ പലരും ഐസ്ക്രീം പാര്‍ലര്‍ ലൈഗിക വിവാദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കരിമണല്‍ ഖനന വിരുദ്ധര്‍ തങ്ങളെ സമീപിച്ചിരുന്നു എന്ന് പറഞ്ഞിരുന്നു. ഇത് കുഞ്ഞാലിക്കുട്ടി അറിയാതെ നടത്തിയ അഭിപ്രായ പ്രകടനങ്ങളാണെന്ന് കരുതുക വയ്യ. സുധീരന് നേരെ വിരല്‍ ചൂണ്ടാനുള്ള തന്ത്രമാണ് ഈ അഭിപ്രായ പ്രകടനങ്ങളില്‍ ഒളിഞ്ഞിരുന്നത്.

കരിമണല്‍ പ്രശ്നത്തില്‍ എന്തൊക്കെ പറഞ്ഞിട്ടും കുഞ്ഞാലിക്കുട്ടിയ്ക്ക് ജനങ്ങളുടെ വിശ്വാസ്യത നേടാനിയിട്ടില്ല. മാത്രമല്ല കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗില്‍ നിന്ന് തന്നെ ഇക്കാര്യത്തില്‍ എതിര്‍പ്പ് നേരിടുന്നുമുണ്ട്.

മുഖ്യമന്ത്രിയുടെ 100 ദിവസത്തെ കര്‍മ്മ പരിപാടിയെക്കുറിച്ച് ഇപ്പോള്‍ ആരും പറയുന്നില്ല. പകരം ഇപ്പോള്‍ കേള്‍ക്കുന്നത് കിളിരൂരും, ഐസ്ക്രീമും, റജീനയും ഒക്കെയാണ്.

സുധീരന്‍ ഉയര്‍ത്തിയ വിമര്‍ശനം ലീഗിനോട് ഘടകകക്ഷികള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും പൊതുവെയുള്ള നിലപാട് എന്താണെന്ന് വ്യക്തമാകുന്നതിന് കളമൊരുക്കിയിട്ടുണ്ട്. സുധീരന്‍ ഈ വിമര്‍ശനം ഐക്യമുന്നണി നേതൃയോഗത്തിലാണ് നടത്തേണ്ടിയിരുന്നതെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഇതിന് സമാനമായ അഭിപ്രായമാണ് ആര്‍.എസ്.പി-ബി. നേതാവ് മന്ത്രി ബാബുദിവാകരനും പ്രകടിപ്പിച്ചത്.

ആര്‍.ബാലകൃഷ്ണപിള്ളയും കേരളാകോണ്‍ഗ്രസ് (ജേക്കബ്) വിഭാഗവും കടുത്ത ലീഗ് വിരുദ്ധ നിലപാടാണ് ഈ പ്രശ്നങ്ങളില്‍ എടുത്തത്. ലീഗ് ഐക്യമുന്നണിയിലെ എംഎല്‍എ മാരുള്ള പാര്‍ട്ടിയായതിനാലാണ ഉമ്മന്‍ചാണ്ടി എപ്പോഴും ലീഗനെ അനുകൂലിയ്ക്കുന്നതെന്ന് പിള്ളയും ജേക്കബ്ബും പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

സുധീരനോട് യോജിപ്പില്ലാത്ത കോണ്‍ഗ്രസിലെ ചില നേതാക്കള്‍പോലും അദ്ദേഹം ഉയര്‍ത്തിയ ലീഗ് വിരുദ്ധ നിലപാടിനോട് യോജിപ്പുള്ളവരാണ്. ഐക്യമുന്നണിയില്‍ ലീഗിന്റെ മേല്‍കോയ്മ അനുവദിയ്ക്കാന്‍ പാടില്ലെന്നാണ് ഇവരുടെ നിലപാട്.

ഈ പശ്ചാത്തലത്തിലാണ് പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള ശ്രമങ്ങളിലേക്ക് മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത്. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ അഭിപ്രായ ഭിന്നതകള്‍ തീര്‍ക്കാതെ യു.ഡി.എഫ്. നേതൃയോഗം വിളിച്ചുകൂട്ടിയാല്‍ വിപരീതഫലമായിരിക്കും ഉണ്ടാകുന്നതെന്ന് മുന്നണിയുടെ പ്രമുഖ നേതാക്കള്‍ കരുതുന്നു. അതിനാല്‍, കരിമണല്‍ ഖനനം ഉള്‍പ്പെടെയുള്ള വിവാദവിഷയങ്ങളില്‍ ഉഭയകക്ഷിചര്‍ച്ചകള്‍ക്ക് തുടക്കമിടാനാണ് മുന്നണി നേതൃത്വം ആലോചിക്കുന്നത്. പക്ഷേ, യു.ഡി.എഫ്. നേതൃയോഗം വിളിച്ചുചേര്‍ക്കാനാവാത്ത സ്ഥിതി തുടരുന്നത് മുന്നണിയുടെ സല്‍പ്പേരിന് ഒട്ടും ചേര്‍ന്നതല്ലെന്ന് പല ഘടകകക്ഷികളുടെയും നേതാക്കള്‍ ഇതിനകം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുമുണ്ട്.

സുധീരനെതിരെ കടുത്ത നിലപാടെടുക്കണമെന്ന് ഐക്യമുന്നണിയില്‍ ലീഗ് ആവശ്യപ്പെടാന്‍ സാദ്ധ്യതയുണ്ട്. റജീനയുടെ പുത്തന്‍ മൊഴിയ്ക്ക് പിന്നില്‍ സുധീരനാണെന്ന് ലീഗ് നേതൃത്ത്വം കോഗ്രസിനോട് പറഞ്ഞാല്‍ പോലും അതിശയിയ്ക്കണ്ട. പക്ഷേ ഇത്തരം കടുത്ത നടപടിയ്ക്ക് പറ്റിയ ഒരു ഗോദയിലല്ല ഇപ്പോള്‍ ലീഗിന്റെ നില്‍പ്പ്.

എന്നാല്‍ കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ ആരോപണം ഉന്നയിയ്ക്കുന്നത് ഒരുപക്ഷേ എ. കെ. ആന്റണിയെക്കാള്‍ മികച്ച പരിവേഷമുള്ള സുധീരനായതിനാല്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാനാവില്ല. അഥവാ കോണ്‍ഗ്രസ് സുധീരനെതിരെ നിലപാടെടുത്താല്‍ സുധീരന്‍ സുധീരമായി കൂടുതല്‍ ശക്തിയോടെ രംഗത്തെത്തും എന്നതിന് സംശയം വേണ്ട.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X