കിളിരൂര്‍ പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ആശുപത്രിയില്‍ കഴിയുന്ന കിളിരൂര്‍ കേസിലെ പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ഹൈക്കോടതി നവംബര്‍ രണ്ട് ചൊവാഴ്ച ഉത്തരവിട്ടു.
പെണ്‍കുട്ടിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച് വിലയിരുത്തിയശേഷമാണ് സുരക്ഷയെക്കുറിച്ച് ചീഫ് ജസ്റിസ് എന്‍.കെ. സോധിയും ജസ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് അഡ്വ. ജനറലിനോട് പ്രത്യേകം എടുത്ത് ചോദിച്ചത്.
രണ്ട് കാര്യങ്ങളില്‍ കോടതിക്ക് ആകാംക്ഷയുണ്ടെന്ന് ചീഫ് ജസ്റിസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ആരോഗ്യനിലയാണ് ഒന്നാമത്തേത്. എന്നാല്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിട്ടുള്ള സ്ഥിതിക്ക് അതില്‍ തങ്ങള്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്ന് കോടതി പറഞ്ഞു.
രണ്ടാമത്തേതാണ് പെണ്‍കുട്ടിയുടെ സുരക്ഷ. പെണ്‍കുട്ടിയെയും മാതാപിതാക്കളെയും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വി.ഐ.പി.കള്‍ ഭീഷണിപ്പെടുത്തുന്നതായി ഹര്‍ജിക്കാര്‍ ആരോപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് എന്താണ് പറയാനുള്ളതെന്ന് കോടതി അന്വേഷിച്ചു. പെണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ചുമതല എന്ന് ചീഫ് ജസ്റിസ് നിര്‍ദ്ദേശിച്ചു.
സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറല്‍ എം. രത്നസിങ്ങ് ഉറപ്പു നല്‍കി.












Click it and Unblock the Notifications