ബെസ്റ് ബേക്കറി കേസ്: സഹീറ ഷെയ്ഖ് മൊഴിമാറ്റി
മുംബൈ : ഗുജറാത്ത് കലാപത്തിനിടെ നടന്ന ബെസ്റ് ബേക്കറി കൂട്ടക്കൊല കേസിലെ മുഖ്യസാക്ഷി സഹീറ വീണ്ടും മൊഴിമാറ്റിപ്പറഞ്ഞു.മുംബൈ ഹൈക്കോടതിയില്‍ കേസ് പുനര്‍വിചാരണക്കെടുക്കവെയാണ് അവര്‍ വീണ്ടും പ്രതികള്‍ക്കനുകൂലമായി മൊഴിമാറ്റിയത്.
കേസിലെ 21 പ്രതികളെയും നേരത്തെ വെറുതെ വിട്ടത് സഹീറയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു.
വഡോദരയിലെ ബി.ജെ.പി എം.എല്‍.എയുടെയും മററും ഭീഷണിക്കു വഴങ്ങിയാണ് തനിക്കു സത്യം പറയാന്‍ കഴിയാതിരുന്നത് എന്ന സഹീറയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ദേശീയമനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റാ സെഹല്‍വാദ് വഴി കേസ് സുപ്രീം കോടതിയിലെത്തുകയും ഈ കേസ് മുംബൈ ഹൈക്കോടതിയില്‍ പുനര്‍വിചാരണ നടത്താന്‍ സുപ്രീം കോടതി ഉത്തരവിടുകയുമായിരുന്നു.
എന്നാല്‍ ടീസ്റയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വഡോദര കോടതിയില്‍ കൊടുത്ത മൊഴി പ്രതികള്‍ക്കെതിരായി താന്‍ മാറ്റിപ്പറയുകയായിരുന്നെന്ന് സഹീറ കോടതിയില്‍ പറഞ്ഞു. ടീസ്റയില്‍ നിന്ന് സഹീറ പൊലീസ് സംരക്ഷണമാവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും ബലമായി പല രേഖകളിലും ഒപ്പിടുവിച്ചുവെന്നും സഹീറ പരാതിപ്പെട്ടതായി പൊലീസ് പറഞ്ഞു.
ഇതിനിടെ കേസിലെ മറ്റൊരു പ്രധാന സാക്ഷിയായ സഹീറയുടെ സഹോദരന്‍ നഫീത്തുള്ളയെ മുംബൈ ഗസ്റ്ഹൗസില്‍ നിന്ന് കാണാതായി. മുംബൈയിലെത്തിയ കുടുംബാംഗങ്ങളെ തന്നോടൊപ്പം ഗസ്റ്റ് ഹൗസില്‍ താമസിക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. ഇതിനിടയിലാണ് ഇയാളെ കാണാതായത്.തനിക്കെതിരെ സഹീറ ഉന്നയിച്ച ആരോപണങ്ങള്‍ ടീസ്റ നിഷേധിച്ചു. ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications