തമിഴ്നാടിനുള്ള വെള്ളം നിര്‍ത്തി
ബാംഗ്ലൂര്‍: തമിഴ്നാടിന് കാവേരി ജലം വിട്ടുകൊടുക്കുന്നത് കര്‍ണ്ണാടകം നിര്‍ത്തിവച്ചു. കര്‍ണ്ണാകട വാര്‍ത്താമന്ത്രി കാഗൊഡു തിമപ്പ നവമ്പര്‍ നാല് തിങ്കളാഴ്ച അറിയിച്ചതാണ് ഈ വിവരം.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കര്‍ണ്ണാടകം കൃഷ്ണരാജസാഗര്‍ അണക്കെട്ടില്‍ നിന്നും തമിഴ്നാടിന് കാവേരി വെള്ളം വിട്ടുകൊടുത്തിരുന്നു. ഇപ്പോള്‍ കൃഷ്ണരാജസാഗര്‍ അണക്കെട്ടില്‍ നിന്നും മേട്ടൂര്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലാണ് വെള്ളം വിട്ടുകൊടുക്കുന്നത് നിര്‍ത്തിവച്ചതെന്ന് തിമപ്പ പറഞ്ഞു.
നവമ്പര്‍ നാല് തിങ്കളാഴ്ച ചേര്‍ന്ന കര്‍ണ്ണാടക മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. ഉടനെ കാവേരി നദീജല അതോറിറ്റിയുടെ യോഗം വിളിച്ചുചേര്‍ക്കാനുള്ള നടപടി ഊര്‍ജ്ജിതപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി നദീജല അതോറിറ്റി ചെയര്‍മാനായ പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രി എസ്.എം. കൃഷ്ണ ഉടനെ കത്തയക്കും. സുപ്രീംകോടതിയ്ക്ക് നല്കിയ ഉറപ്പ് പാലിക്കുന്നതിന്റെ ഭാഗമായി നവമ്പര്‍ ആറ് വരെ പ്രതിദിനം 9,000 ക്യുസെക്സ് ജലം തമിഴ്നാട്ടിന് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചു.












Click it and Unblock the Notifications