താക്കറെയുടെ മകന്‍ എന്‍സിപിയിലേക്ക്
മുംബൈ: ശിവസേന തലവന്‍ ബാല്‍ താക്കറെയുടെ മകന്‍ ജയ്ദേവ് താക്കറെ എന്‍സിപിയില്‍ ചേരുന്നതായി പ്രഖ്യാപിച്ചു.
ശരത്പവാറുമായി താന്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ കൂടിക്കാഴ്ച നടത്തുമെന്നും എന്‍സിപിയില്‍ ചേരുന്നതിനുള്ള ഔപചാരിക നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ജയ്ദേവ് പറഞ്ഞു. ഇക്കാര്യത്തില്‍ ചില എന്‍സിപി നേതാക്കളുമായി താന്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നുവെന്ന് ജയ്ദേവ് വ്യക്തമാക്കി.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ബാല്‍ താക്കറെക്ക് മറ്റൊരു ആഘാതമാണ് എന്‍സിപിയില്‍ ചേരുന്നുവെന്ന മകന്റെ പ്രഖ്യാപനം. രാഷ്ട്രീയത്തില്‍ നിന്നും ഇത്രയും കാലം മാറിനില്‍ക്കുകയായിരുന്നു ജയ്ദേവ് താക്കറെ.
ബാല്‍ താക്കറെയുമായോ സഹോദരന്‍ ഉദ്ദവുമായോ ഇക്കാര്യം താന്‍ ചര്‍ച്ച ചെയ്തില്ലെന്ന് ജയ്ദേവ് വ്യക്തമാക്കി. തനിക്ക് ശരത്പവാറിനോട് വലിയ ബഹുമാനമുണ്ട്. മികച്ച ചില നേതാക്കളുള്ള പാര്‍ട്ടിയാണ് എന്‍സിപി. സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടിയാണ് എന്‍സിപി പ്രവര്‍ത്തിക്കുന്നത്.
ശിവസേനയില്‍ എല്ലാവരും തങ്ങളുടെ നേട്ടത്തിന് വേണ്ടി പോരടിക്കുകയാണ്. അതേ സമയം എന്‍സിപിയില്‍ ഗ്രൂപ്പിസം ഇല്ല. താന്‍ നേരത്തെ ശരത്പവാറിന്റെ പ്രവര്‍ത്തനശൈലിയുടെ ഒരു ആരാധകനായിരുന്നു.
ഭാര്യ സ്മിതയുമായുള്ള വിവാഹ മോചനത്തിനായുള്ള തിരക്കുകളിലായിരുന്നു താനെന്നും വിവാഹമോചനം ലഭിച്ചതോടെ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്നും ജയ്ദേവ് പറഞ്ഞു.












Click it and Unblock the Notifications