സിപിഎമ്മിന്റെ മാന്യത കോണ്‍ഗ്രസിനില്ല: ജേക്കബ്
പാലക്കാട്: ബംഗാളിലും ത്രിപുരയിലും മുന്നണിയിലെ ഘടകകക്ഷികളെ ഭരണത്തില്‍ പങ്കാളികളാക്കുന്നതില്‍ സിപിഎം കാണിക്കുന്ന മാന്യത കോണ്‍ഗ്രസ് കാണിക്കുന്നില്ലെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) നേതാവ് ടി. എം. ജേക്കബ് കുറ്റപ്പെടുത്തി.
പാലക്കാട് കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1967ല്‍ ഇ. എം. എസ് തുടങ്ങിയ മുന്നണി ബന്ധത്തെ ഇതുവരെ ഇരുമുന്നണികളും കാത്തുസൂക്ഷിച്ചു. പക്ഷേ ഇപ്പോള്‍ ഉമ്മന്‍ചാണ്ടി മുന്നണിക്ക് തുരങ്കം വയ്ക്കാന്‍ ശ്രമിക്കുകയാണ്.
യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കാതെ ചിലരെ രക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചത് ലീഗാണെന്ന് വി. എം. സുധീരന്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല.
ഉമ്മന്‍ചാണ്ടിയുടെ ഭരണം 60 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ പൊലീസും ഗുണ്ടകളും ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്ന സ്ഥിതിയാണ്. മാധ്യമപ്രവര്‍ത്തകര്‍ ഒരു മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന സ്ഥിതി ഇതാദ്യമാണ്.
അന്തര്‍ സംസ്ഥാന നദീജല കരാര്‍ പുതുക്കുന്നതിന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തുന്ന ചര്‍ച്ച ഒരു ഫലവുമുണ്ടാക്കില്ല. നദീജല കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തുന്നതിന് മുമ്പ് ഇക്കാര്യത്തില്‍ ആദ്യം മന്ത്രിതല ചര്‍ച്ചയാണ് നടത്തേണ്ടത്. താന്‍ മന്ത്രിയായിരുന്നപ്പോള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഇരുസംസ്ഥാനങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ ഒരു ധാരണയിലെത്താന്‍ കഴിഞ്ഞിരുന്നില്ല- ജേക്കബ് പറഞ്ഞു.


Click it and Unblock the Notifications