ഹൈക്കമാന്റിന് അതൃപ്തിയില്ല: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിനെ ചൊല്ലിയുണ്ടായ പുതിയ വിവാദം സര്‍ക്കാര്‍ കൈകാര്യം ചെയ്തതില്‍ ഹൈക്കമാന്റ് അതൃപ്തി പ്രകടിപ്പിച്ചുവെന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സോണിയാഗാന്ധിയുമായി താന്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. നവംബര്‍ അഞ്ച് വെള്ളിയാഴ്ച ദില്ലിയില്‍ നിന്നു തിരിച്ചെത്തിയതിന് ശേഷം വാര്ത്താലഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞാലിക്കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ട സാഹചര്യമില്ല. പലതവണ മൊഴിമാറ്റിയ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനാവില്ല. നിയമം അതിന്റെ വഴിക്ക് നീങ്ങും. പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. ബ്ലാക്ക് മെയിംലിഗ് രാഷ്ട്രീയവും അനുവദിക്കില്ല.
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി പ്രഹസനമാണെന്ന കെ. കരുണാകരന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ കരുണാകരനുമായി താന്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്നും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ജനസമ്പര്‍ക്ക പരിപാടി മെച്ചപ്പെടുത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications