എ ഡി ഐ ജി ഖാദി ധരിച്ച് ലീഡറെ കാണാനെത്തി
തിരുവനന്തപുരം: അഡിഷണല്‍ ഡി ഐ ജി എം ജി എ രാമന്‍ ഖാദി ധരിച്ച് കെ കരുണാകരനെ കാണാനെത്തിയത് കൗതുകമുണര്‍ത്തി.
നേരത്തേ വ്യാജ രേഖാ കേസ് അന്വേഷണ ചുമതല ഉണ്ടായിരുന്ന ഡി ഐ ജി യാണ് ഇദ്ദേഹം. ഇദ്ദേഹം കരുണാകരനെ കണ്ട് മടങ്ങിയ ഉടനേ ശോഭനാ ജോര്‍ജ്ജും കരുണാകരനെ കണാനെത്തിയത് കൗതുകത്തിന്റെ അളവ് കൂട്ടി.
അഡിഷണല്‍ ഡി ഐ ജി ഔദ്യോഗിക കാറിലാണ് കരുണാകരനെ കാണാനെത്തിയത്. രാമന്‍ സത്യസന്ധമായ അന്വേഷണമല്ല വ്യാജ രേഖാ കേസില്‍ നടത്തുന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. ശോഭനയെ രാമന്‍ സഹായിയ്ക്കുന്നതായിട്ടായിരുന്നു അന്ന് ആരോപണങ്ങള്‍ ഉണ്ടായത്.
ഇതിനിടെ ശോഭനയെ വ്യാജ രേഖാ കേസില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഐ വിഭാഗം നടത്തുന്നതായി വാര്‍ത്ത പരന്നിട്ടുണ്ട്. ശോഭനാ ജോര്‍ജ്ജ് നവംബര്‍ ആറ് ബുധനാഴ്ച ചെന്ന് മുഖ്യമന്ത്രി എ കെ ആന്റണിയെ ചെന്ന് കണ്ടിരുന്നു. തന്റെ നിരപരാധിത്തം മുഖ്യമന്ത്രിയെ അറിയിയ്ക്കുകയായിരുന്നു ശോഭനയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം എന്നാണ് കരുതുന്നത്.
ഒളിവില്‍ കഴിയുന്ന രണ്ട് പത്രപ്രവര്‍ത്തകരെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചുകൊണ്ട് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയാല്‍ ശോഭനയ്ക്ക് പിന്നീട് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വിഷമമാവും. അതാണത്രെ ശോഭന അഭിമാനം വെടിഞ്ഞ് ആന്റണിയെകാണാന്‍ തീരുമാനിച്ചത്.
നവംബര്‍ ഏഴ് വ്യാഴാഴ്ച രാവിലെ മുതല്‍ കരുണാകരന്റെ വീട്ടില്‍ ഐ വിഭാഗത്തിന്റെ യോഗം നടക്കുകയാണ്. ഇതിന് തൊട്ട് മുമ്പായാണ് അഡിഷണല്‍ ഡി ഐ ജി രാമന്‍ കരുണാകരനെ കാണാന്‍ എത്തിയത്. ശോഭനയെ കേസില്‍ നിന്ന് രക്ഷപ്പെടുത്തുന്നത് ഈ യോഗത്തിലും പ്രധാന ചര്‍ച്ചാ വിഷയമാണെന്നാണ് കരുതുന്നത്.












Click it and Unblock the Notifications