പെട്രോനെറ്റ് സംഘം കൊച്ചിയിലെത്തും
തിരുവനന്തപുരം: പുതുവൈപ്പില്‍ എല്‍എന്‍ജി ടെര്‍മിനല്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് പെട്രോനെറ്റ് എല്‍എന്‍ജിയുടെ ഒരു ഉന്നതതല സംഘം നവംബര്‍ 15ന് കൊച്ചി സന്ദര്‍ശിക്കും.
അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ടെര്‍മിനല്‍ കമ്മിഷന് ചെയ്യാമെന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. 25 ലക്ഷം ടണ്ണായിരിക്കും ടെര്‍മിനലിന്റെ ശേഷി. ഇത് പിന്നീട് 50 ലക്ഷം ടണ്ണാക്കി ഉയര്‍ത്തും.
പദ്ധതിയ്ക്ക് വേണ്ടി ആഗോള ടെണ്ടര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പെട്രോനെറ്റ് എല്‍എന്‍ജിക്ക് 1,38,000 ക്യൂബിക് മീറ്റര്‍ ശേഷിയുള്ള ടാങ്കറാണ് ഇപ്പോഴുള്ളത്. മറ്റൊരു ടാങ്കര്‍ അടുത്ത മാസം വാങ്ങിയേക്കും. മൂന്ന് ടാങ്കറുകള്ക്കായാണ് ആഗോള ടെണ്ടര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ മൂന്ന് എല്‍എന്‍ജി കാരിയര്‍ ടാങ്കറുകളില്‍ രണ്ടെണ്ണം ദാഹൈജിലെ ടെര്‍മിനലിനായി ഉപയോഗിക്കും. മൂന്നാമത്തെ ടാങ്കര്‍ കൊച്ചി ടെര്‍മിനലിലേക്ക് വാതകം കൊണ്ടുവരുന്നതിന് ഉപയോഗിക്കും.
പെട്രോനെറ്റ് എല്‍എന്‍ജിയുടെ 50 ലക്ഷം ടണ്‍ ശേഷിയുള്ള ദാഹെജ് ടെര്‍മിനല്‍ പണി തീര്‍ത്തത് മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളിലാണ്. ഇത് പരിഗണിക്കുമ്പോള്‍ കൊച്ചി ടെര്‍മിനല്‍ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം വരില്ലെന്നും 25 ലക്ഷം ടണ്‍ ശേഷിയുള്ള കൊച്ചി ടെര്‍മിനല്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം മതിയാവുമെന്നുമാണ് കരുതുന്നത്.