പണം തട്ടിയ കേസ് സിബിഐക്ക് വിട്ടേക്കും
കൊച്ചി: നഗരത്തിലെ ജ്വല്ലറിയുടമയെ കബളിപ്പിച്ച് ഇറ്റലിക്കാരായ രണ്ട് വിനോദസഞ്ചാരികള്‍ 75 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ കേസ് ക്രൈംബ്രാഞ്ചിനോ സിബിഐക്കോ കൈമാറുന്ന കാര്യം സിറ്റി പൊലീസ് പരിഗണിക്കുന്നു.
തട്ടിപ്പിനെ തുറിച്ച് ജ്വല്ലറിയുടമ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴേക്കും രണ്ട് ഇറ്റലിക്കാരും ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോയിക്കഴിഞ്ഞിരുന്നു. എല്ലാ പ്രധാന വിമാനത്താവളങ്ങളിലും വിവരമറിയിച്ചിരുന്നെങ്കിലും അപ്പോഴേക്കും തട്ടിപ്പുകാര്‍ മുങ്ങിയിരുന്നു. തട്ടിപ്പ് നടത്തിയ രണ്ടു പേരും രാജ്യം വിട്ട സാഹചര്യത്തില്‍ സിറ്റി പൊലീസിന് ഇനി ഒന്നും ചെയ്യാനില്ലെന്നതിനാലാണ് കേസ് സിബിഐക്കോ ക്രൈംബ്രാഞ്ചിനോ വിടുന്ന കാര്യം പരിഗണിക്കുന്നത്.
സ്വര്‍ണനാണയമാണെന്ന വ്യാജേന 800 ചെമ്പുനാണയങ്ങള്‍ വിറ്റാണ് തളിയത്ത് ജ്വല്ലറിയുടമയില്‍ നിന്ന് ഇറ്റലിക്കാരായ വിനോദസഞ്ചാരികള്‍ 75 ലക്ഷം രൂപ തട്ടിയത്. ഇറ്റലിക്കാര്‍ സന്ദര്‍ശിച്ച സ്ഥലങ്ങളെ കുറിച്ചും അവര്‍ കണ്ട ആളുകളെ കുറിച്ചും അന്വേഷണം നടത്തിവരികയാണ്. ഇവിടെയുള്ള ആരെങ്കിലും ഇറ്റലിക്കാരെ സഹായിക്കാനുണ്ടായിരുന്നോയെന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.
ഇത് രണ്ടാമത്തെ തവണയാണ് തളിയത്ത് ജ്വല്ലറിയുടമ വിദേശികളാല്‍ കബളിപ്പിക്കപ്പെടുന്നത്. ഏതാനും വര്‍ഷം മുമ്പ് ഒരു ഇറ്റാലിയന്‍ ദമ്പതികള്‍ ജ്വല്ലറിയുടമയെ കബളിപ്പിച്ച് 1.8 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇവരെ ദില്ലിയില്‍ വച്ച് പിടികൂടാന്‍ കഴിഞ്ഞു.












Click it and Unblock the Notifications