ഗ്രൂപ്പ് തിരിഞ്ഞ് മുഖ്യമന്ത്രിയെ കാണരുത്: മുരളി
കോഴിക്കോട്: കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ഗ്രൂപ്പ് തിരിഞ്ഞ് മുഖ്യമന്ത്രിയെ കാണരുതെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ കെ മുരളീധരന്‍.
ഗ്രൂപ്പിന്റെ പേരില്‍ മുഖ്യമന്ത്രിയോട് ആവശ്യങ്ങള്‍ ഉന്നയിയ്ക്കുന്നതും തെറ്റാണ്. പൊലീസ് നയം മാറ്റണമെന്ന് ഐ ഗ്രൂപ്പ് എം എല്‍ എ മാര്‍ മുഖ്യമന്ത്രിയെകണ്ട് ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയിരിയ്ക്കുന്നതിനെക്കുറിച്ച് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം. ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്നാണ് കെ കരുണാകരന്‍ പറയുന്നത്. അദ്ദേഹത്തെ അവിശ്വസിക്കാന്‍ തനിയ്ക്ക് ആവില്ലെന്ന് മുരളി പറഞ്ഞു. പൊലീസ് നയത്തില്‍ ആര്‍ക്കും പരാതി ഇല്ല. അത് നടപ്പാക്കുന്ന ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തോടാണ് എതിര്‍പ്പ്.
പൊതുവേദികളിലും ഗ്രൂപ്പ് യോഗങ്ങളിലുമല്ല സര്‍ക്കാരിനെക്കുറിച്ചുള്ള പരാതികള്‍ പറയേണ്ടത്. അതിനുള്ള വേദികള്‍ വേറെയുണ്ട്. നിയമസഭാകക്ഷിയോഗം വിളിയ്ക്കാമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അവിടെ ആര്‍ക്കും പരാതികള്‍ ഉന്നയിയ്ക്കാം.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് അനില്‍കുമാറിന്റെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാതിരുന്നതിന് കാരണമുണ്ട്. ദില്ലിയില്‍ പവര്‍ കമ്മറ്റി യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് അറിയിപ്പുണ്ടായായിരുന്നു. അതാണ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണം. മുരളി പറഞ്ഞു.












Click it and Unblock the Notifications