അറഫാത്തിന്റെ നില കൂടുതല്‍ വഷളായി
പാരീസ്: മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ക്ലമാര്‍ക്കിലെ സൈനികാശുപത്രിയില്‍ കഴിയുന്ന യാസര്‍ അറഫാത്തിന്റെ നില കൂടുതല്‍ വഷളായി. ഇതിനിടെ അദ്ദേഹം മരിച്ചതായുള്ള അഭ്യൂഹങ്ങള്‍ പലസ്തീന്‍ വൃത്തങ്ങള്‍ നിഷേധിച്ചു.
അരാഫത്ത് മരിച്ചെന്ന് വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് പലസ്തീനില്‍ വിലാപയാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ വരെ നടന്നിരുന്നു.
ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അറഫാത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതെന്ന വാദം ശരിയല്ലെന്ന് ഇവിടെയെത്തിയ പലസ്തീന്‍ വിദേശകാര്യമന്ത്രി നബീല്‍ ഷാത്ത് അറിയിച്ചു.
അദ്ദേഹത്തിന്റെ ഹൃദയം,വൃക്ക എന്നിവയടക്കമുള്ള പ്രധാനഭാഗങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും രക്ഷാഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്നത് ഇസ്ലാം നിയമത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.
കാന്‍സറോ വിഷബാധയോ കാരണമല്ല ആന്തരാവയവങ്ങളിലുണ്ടായ അണുബാധ നിമിത്തമാണ് അറഫാത്തിന്റെ ആരോഗ്യനില വഷളായതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇതിനിടെ അറഫാത്തിന്റെ ഭാര്യ സുഹയുടെ എതിര്‍പ്പിനെ അവഗണിച്ച് പ്രധാനമന്ത്രി അഹമ്മദ് കോറിയുള്‍പ്പെടെയുള്ള പലസ്തീന്‍ നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. ഇവര്‍ രണ്ടുമണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചു. ഈ സംഘം ഇന്ന് ഫ്രഞ്ച് പ്രസിഡന്റ് ജാക്വിസ് ഷിറാകിനെ സന്ദര്‍ശിക്കും.
അറഫാത്ത് നീരീക്ഷണത്തിലാണെന്നും തുടര്‍ച്ചയായി രക്തം മാറ്റി അദ്ദേഹത്തെ രക്ഷിക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications