ബിഎസ്എന്‍എല്‍ മൊബൈല്‍ മന്ദഗതിയില്‍
കൊച്ചി: ബിഎസ്എന്‍എല്‍ മൊബൈല്‍ സര്‍വീസ് കേരളത്തില്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്ന വേഗതയില്‍ മുന്നേറുന്നില്ലെന്ന് പരാതി.
രണ്ടുഘട്ടങ്ങളിലായി കേരളത്തില്‍ 3.26 ലക്ഷം പ്രീപെയ്ഡ് കണക്ഷനുകള്‍ നല്കുമെന്നായിരുന്നു തുടക്കത്തില്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപനം. ഇതുവരെയും പതിനായിരം പേര്‍ക്ക് മാത്രമാണ് പ്രീപെയ്ഡ് കണക്ഷനുകള്‍ നല്കിയിരിക്കുന്നത്. അരലക്ഷം പേര്‍ ഇതിനകം പ്രീപെയ്ഡ് കണക്ഷനുകള്‍ക്കായി പേര് രജിസ്റര്‍ ചെയ്ത് കാത്തിരിക്കുന്നു.
മോട്ടറോള കമ്പനിയില്‍ നിന്ന് ആവശ്യത്തിന് സിം കാര്‍ഡ് കിട്ടുന്നില്ലെന്നതാണ് കണക്ഷനുകള്‍ നല്കാത്തതിന് ബിഎസ്എന്‍എല്‍ അധികൃതര്‍ നല്കുന്ന വിശദീകരണം. ബിപിഎല്‍, എസ്കോട്ടെല്‍, ഭാരതി തുടങ്ങിയ സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്ക് മോട്ടറോള സിം കാര്‍ഡുകള്‍ ആവശ്യത്തിന് നല്കുമ്പോള്‍ ബിഎസ്എന്‍എല്ലിന് സിം കാര്‍ഡുകള്‍ കിട്ടാത്തതിന്റെ കാരണം ദുരൂഹതയുണര്‍ത്തുന്നു.
ലാന്‍ഡ് ഫോണുകളില്‍ നിന്നുള്ള ഇന്‍കമിംഗ് കോളുകള്‍ സൗജന്യമായി സ്വീകരിക്കാമെന്നതും കൂടുതല്‍ കവറേജും കുറഞ്ഞ തുകയും ആണ് ബിഎസ്എന്‍എല്‍ മൊബൈലിനെ കേരളത്തില്‍ ജനപ്രിയമാക്കിയത്. എന്നാല്‍ ബിഎസ്എന്‍എല്ലിന്റെ ജനപ്രീതി തകര്‍ക്കാന്‍ സ്വകാര്യമൊബൈല്‍ കമ്പനികള്‍ ശ്രമിക്കുന്നതായി ആരോപണമുണ്ട്. ഉപരോധമുള്‍പ്പെടെയുള്ള നീക്കങ്ങളിലൂടെ ബിഎസ്എന്‍എല്‍ മൊബൈലുകളുടെ പ്രചാരണം കുറയ്ക്കാനാണ് സ്വകാര്യമൊബൈല്‍ കമ്പനികള്‍ ശ്രമിയ്ക്കുന്നതെന്ന് പറയപ്പെടുന്നു. ബിപിഎല്‍, എസ്കോട്ടെല്‍, ഭാരതി കണക്ഷനുകള്‍ എടുത്തവര്‍ക്ക് ബിഎസ്എന്‍എല്‍ മൊബൈലിലേക്കും തിരിച്ചും ബന്ധപ്പെടുന്നതിന് ഈ കമ്പനികള്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഇപ്പോഴും നിലനില്ക്കുകയാണ്.
ബിഎസ്എന്‍എല്‍ മൊബൈലിനെ മന്ദഗതിയിലാക്കാന്‍ സ്വകാര്യകമ്പനികള്‍ ഉദ്യോഗസ്ഥരെ വിലയ്ക്കെടുക്കുന്നതായും ആരോപണമുണ്ട്. ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്തിരുന്ന പോസ്റ് പെയ്ഡ് കണക്ഷനുകള്‍ക്കുള്ള അപേക്ഷകളുടെ രജിസ്ട്രേഷന്‍ ഏറെ വൈകിയതും ഇക്കാരണത്താലാണെന്ന് പറയുന്നു.












Click it and Unblock the Notifications