ബില്‍ഗേറ്റ്സ് കേരളം സന്ദര്‍ശിയ്ക്കും
ദില്ലി: മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ അടുത്ത തവണ ഇന്ത്യ സന്ദര്‍ശിയ്ക്കുമ്പോള്‍ കേരളത്തിലുമെത്തും. വിവര സാങ്കേതിക വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയാണ് ഇത് വെളിപ്പെടുത്തിയത്.
ഉയര്‍ന്ന ജീവിത നിലവാരവും സമ്പൂര്‍ണ്ണ സാക്ഷരതയും ഉയര്‍ന്ന ഇംഗ്ലീഷ് ജ്ഞാനവുമുള്ള സംസ്ഥാനമാണ് കേരളമെന്ന് ബില്ലിനെ ധരിപ്പിച്ചിട്ടുണ്ട്. കേരളം എന്തുകൊണ്ടും നിക്ഷേപത്തിന് പറ്റിയ സംസ്ഥാനമാണെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി അദ്ദേഹത്തെ കേരളത്തിലേയ്ക്ക് ക്ഷണിച്ചു. തുടര്‍ന്നാണ് അടുത്ത വരവില്‍ കേരളത്തിലെത്താമെന്ന് ബില്‍ ഉറപ്പ് പറഞ്ഞത്. അടുത്ത 15 മാസത്തിനുള്ളില്‍ വീണ്ടും ഇന്ത്യയില്‍ വരുന്നുണ്ടെന്നും ബില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നവംബര്‍ 12 ചൊവാഴ്ച ബില്‍ ഗേറ്റ്സ് താമസിക്കുന്ന മൗര്യാ ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ചാണ് ചര്‍ച്ച നടന്നത്. അരമണിയ്ക്കൂറാണ് കേരളസംഘത്തിന് അനുവദിച്ചിരുന്നത്. ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഇത് കേരള സംഘം അനുകൂലമായാണ് കാണുന്നത്.
വിവരസാങ്കേതിക വിദ്യാ സെക്രട്ടറി അരുണാ സുന്ദരരാജ്, ഐ ടി മിഷന്‍ ഡയറക്ടര്‍ എം. ശിവശങ്കര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഡയറക്ടര്‍ പി. വി. ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ കുഞ്ഞാലിക്കുട്ടിയോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ബില്‍ ഗേറ്റ്സുമായി ചര്‍ച്ച നടത്തുന്ന ആദ്യത്തെ പ്രതിനിധി സംഘമാണ് കേരളത്തിന്റേത്.
ബില്‍ ഗേറ്റ്സുമായി നടത്തിയ ചര്‍ച്ച ഭാവിയില്‍ ഏറെ ഗുണം ചെയ്യുമെന്ന് കരുതുന്നതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications