വൈദ്യുതോല്പാദനം സ്വകാര്യമേഖലയിലേക്ക്
തിരുവനന്തപുരം: സ്വകാര്യമേഖലയില്‍ ചെറുകിട ജലവൈദ്യുതപദ്ധതികള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ഇതിന്റെ ഭാഗമായി സ്വകാര്യമേഖലയില്‍ ആദ്യഘട്ടത്തില്‍ 62 ചെറുകിട ജലവൈദ്യുതപദ്ധതികള്‍ അനുവദിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതോടെ കേരളത്തില്‍ 2003 ഓടെ സ്വകാര്യമേഖലയില്‍ വൈദ്യുതോല്പാദനം ഊര്‍ജ്ജിതമാകും.
ഈ 62 പദ്ധതികള്‍ക്കുള്ള ടെണ്ടറുകള്‍ അടുത്തമാസം ക്ഷണിക്കുമെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു. 62 ചെറുകിട ജലവൈദ്യുതപദ്ധതികളില്‍ നിന്ന് 162 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
രണ്ട് മെഗാവാട്ടില്‍ കൂടുതല്‍ വൈദ്യുതി ആവശ്യമുള്ള ഏത് ഉപഭോക്താവിനും വൈദ്യുതിപ്ലാന്റുകള്‍ സ്ഥാപിക്കാമെന്ന് പുതിയ മാര്‍ഗ്ഗരേഖ ചൂണ്ടിക്കാട്ടുന്നു. പക്ഷെ ഈ സ്വകാര്യവൈദ്യുതപദ്ധതികളുടെ ശേഷി എത്രവരെയാകാമെന്ന് തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ട്.
പദ്ധതികള്‍ കാര്യക്ഷമമായും സുതാര്യമായും നടപ്പാക്കും. ഈ വൈദ്യുതപദ്ധതികളില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി വാങ്ങും. പരമാവധി 25 മെഗാവാട്ട് വൈദ്യുതി വരെ ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ള യൂണിറ്റുകള്‍ സ്വകാര്യവ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സ്ഥാപിക്കാം. 30 വര്‍ഷക്കാലമായിരിക്കും കരാര്‍ കാലാവധി. അതിന് ശേഷം ഈ വൈദ്യുതയൂണിറ്റുകള്‍ സര്‍ക്കാരിന് കൈമാറണം. - മന്ത്രി പറഞ്ഞു.
ചൈനയില്‍ നിന്നും ചിലര്‍ കേരളത്തില്‍ ചെറുകിട ജലവൈദ്യുതയൂണിറ്റുകള്‍ സ്ഥാപിക്കാന്‍ താല്പര്യം കാട്ടിയിട്ടുണ്ട്. അതേ സമയം വൈദ്യുതി വിതരണം സ്വകാര്യമേഖലയെ ഏല്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് കടവൂര്‍ ശിവദാസന്‍ പറഞ്ഞു. കായംകുളം താപവൈദ്യുതിയൂണിറ്റിന്റെ ശേഷി 350 മെഗാവാട്ടില്‍ നിന്നും 1900 മെഗാവാട്ടായി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications