റജീനയുടെ മൊഴിയടങ്ങിയ ഫയല്‍ കാണാതായി
തിരുവനന്തപുരം: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ സാക്ഷിയായ റജീന വനിതാകമ്മിഷന് നല്കിയ മൊഴി അടങ്ങിയ ഫയല്‍ കാണാതായി.
സുഗതകുമാരി വനിതാകമ്മിഷന് ചെയര്‍പേഴ്സണ്‍ ആയിരുന്നപ്പോഴാണ് റജീനയുടെ മൊഴിയെടുത്തിരുന്നത്. ഈ മൊഴിയടങ്ങിയ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്നുവെന്നും ലോക്കറിന്റെ താക്കോല്‍ വനിതാ കമ്മിഷന് ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടിന്റെ കൈയില്‍ ഏല്പിച്ചിരുന്നുവെന്നും സുഗതകുമാരി പറഞ്ഞു. അതേ സമയം ഇങ്ങനെയൊരു ലോക്കര്‍ ഇപ്പോഴില്ലെന്ന് വനിതികമ്മിഷന് ചെയര്‍പേഴ്സണ്‍ എം. കമലം പറഞ്ഞു.
താക്കോല്‍ കൈവശം വച്ചിരുന്ന ജൂനിയര്‍ സൂപ്രണ്ട് ഇപ്പോഴും വനിതാ കമ്മിഷന് ഓഫീസില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇയാളോട് അന്വേഷിച്ചാല്‍ ലോക്കറിനെ കുറിച്ചും ഫയലിനെ കുറിച്ചും അറിയാമെന്ന് സുഗതകുമാരി പറഞ്ഞു.
അതേ സമയം ഇങ്ങനെയൊരു ലോക്കര്‍ നിലവിലുണ്ടായിരുന്ന കാര്യം തന്നെ തനിക്കറിയില്ലായിരുന്നുവെന്നാണ് സുഗതകുമാരിക്ക് ശേഷം വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ ആയിരുന്ന ജസ്റിസ് ശ്രീദേവി പറഞ്ഞത്.
റജീന ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ നടത്തിയ പ്രസ്താവനയും നേരത്തെ വനിതാ കമ്മിഷന് മുന്നില്‍ നല്കിയ മൊഴിയും തമ്മില്‍ സാമ്യമുണ്ടെന്ന് സുഗതകുമാരി നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മൊഴിയടങ്ങിയ ഫയല്‍ കാണാതായത്. ഫയല്‍ കാണാതായതിനെ പറ്റി അന്വേഷിക്കുമെന്ന് എം. കമലം പറഞ്ഞു.
നേരത്തെ മൊഴി ലോക്കറില്‍ സൂക്ഷിച്ചിരുന്നപ്പോള്‍ അഡ്വക്കറ്റ് ജനറല്‍ എം. കെ. ദാമോദരനും കോടതിയും ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ പകര്‍പ്പെടുത്ത് നല്‍കിയിരുന്നുവെന്ന് സുഗതകുമാരി വെളിപ്പെടുത്തി.












Click it and Unblock the Notifications