പെണ്‍കുട്ടിയെ ആസൂത്രിതമായി ഇല്ലായ്മ ചെയ്തു
തിരുവനന്തപുരം: കിളിരൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയെ സര്‍ക്കാരും ചില പ്രമാണികളും ചേര്‍ന്ന് ആസൂത്രിതമായി ഇല്ലാതാക്കാന്‍ ശ്രമിച്ചതാണെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന് ആരോപിച്ചു.
കേസിലെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അച്യുതാനന്ദന് ആവശ്യപ്പെട്ടു. നവംബര്‍ 14 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അച്യുതാനന്ദന്.
ഡിഐജി ശ്രീലേഖയുടെ നേതൃത്വത്തില്‍ കേസില്‍ നടക്കുന്ന അന്വേഷണം ശരിയായ രീതിയിലല്ല. മണ്ണുത്തി, മട്ടാഞ്ചേരി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നടന്ന പെണ്‍വാണിഭക്കേസുകളില്‍ പ്രതിയായ സുനില്‍ മാത്യുവെന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ല. ഇതിന് പുറമെ, പെണ്‍കുട്ടിയെ പരിശോധിച്ച വിദഗ്ധസംഘത്തില്‍ ആലപ്പുഴയില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ്.
കേസിലെ പ്രധാനപ്രതിയായ ലതാനായരില് നിന്നും വേണ്ട വിവരങ്ങള്‍ ലഭ്യമാക്കാന്‍ അന്വേഷണ സംഘം നടപടികള്‍ സ്വീകരിച്ചിട്ടില്ല. ലതാനായരെ വേണ്ട വിധം ചോദ്യം ചെയ്യാന്‍ പൊലീസ് ശ്രമിച്ചില്ല. തന്നെ പീഡിപ്പിച്ച ചില റിസോര്‍ട്ട് ഉടമകളുടെയും സീരിയല്‍ സംവിധായകരുടെയും പേരുകള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടും അവരെ ചോദ്യം ചെയ്തില്ല. ലതാനായരുടെ ഡയറി കണ്ടെടുക്കുന്നതിനും അന്വേഷണ സംഘം ശ്രമിച്ചില്ല- അച്യുതാനന്ദന് ആരോപിച്ചു.