സ്വാമി കോടതിവിധി സ്വീകരിക്കാന്‍ ഒരുക്കം: ജോഷി
വെല്ലൂര്‍: കൊലപാതകക്കേസില്‍ കോടതിവിധി അംഗീകരിക്കുന്നതിന് കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതി ഒരുക്കമാണെന്ന് ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി പറഞ്ഞു.
നവംബര്‍ 16 ചൊവ്വാഴ്ച വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശങ്കരാചാര്യരുമായി 45 മിനുട്ടോളം നീണ്ട കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ജോഷി.
ശങ്കരാചാര്യരെ അറസ്റ് ചെയ്ത രീതി പ്രതിഷേധാര്‍ഹമാണ്. പൊലീസും ആദായനികുതി വകുപ്പും മഠത്തില്‍ റെയ്ഡ് നടത്തിയത് അപലപനീയമാണ്. കാഞ്ചി മഠത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കപ്പെടണം. ദൈനംദിന പൂജകളും മറ്റ് അനുഷ്ഠാനങ്ങളും നടത്തുന്നതിന് സ്വാമിജിയെ മഠത്തിലേക്ക് തിരികെ പോകാന്‍ അനുവദിക്കണം.
സ്വാമിജിയെ പൊലീസ് കസ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുന്നത് അദ്ദേഹത്തെ വിടുന്നത് നീട്ടിക്കൊണ്ടുപോവാനും സ്വാമിജിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഉണ്ടാക്കാനുമാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്.
തെളിവുകളിലൂടെ സ്ഥിരീകരിക്കാതെയാണ് സ്വാമിജിക്കെതിരായ ആരോപണങ്ങള്‍ പൊലീസ് ഉന്നയിക്കുന്നത്. സ്വാമിജിക്ക് നേപ്പാളിലേക്ക് കടക്കാന്‍ നീക്കമുണ്ടായിരുന്നുവെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ ആരോപണം അസംബന്ധമാണ്. അത്തരം പ്രസ്താവനകളിലൂടെ സ്വാമിജി ഒരു ക്രിമിനലാണെന്ന് വരുത്തിത്തീര്‍ക്കാനാണ് തമിഴ്നാട് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ജയിലിനകത്ത് സാധാരണക്കാരനോടെന്ന പോലെയാണ് സ്വാമിജിയോടുള്ള സമീപനം. എല്ലാവരും ശാന്തരായിരിക്കണമെന്ന സന്ദേശമാണ് സ്വാമിജി തനിക്ക് കൈമാറിയത്. അറസ്റ് സംബന്ധിച്ച് താന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജോഷി പറഞ്ഞു.
ജോഷിയോടൊപ്പം മുന്‍ ബിജെപി പ്രസിഡന്റ് ജന കൃഷ്ണമൂര്‍ത്തിയുമുണ്ടായിരുന്നു.












Click it and Unblock the Notifications