ജയേന്ദ്രസരസ്വതിക്കെതിരെ വ്യക്തമായ തെളിവുകള്‍
ചെന്നൈ: ശങ്കര രമണന് വധക്കേസില്‍ കാഞ്ചി മഠാധിപതി ജയേന്ദ്രസരസ്വതിക്കുള്ള പങ്കിനെപ്പറ്റി വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നിയമസഭയിലറിയിച്ചു.
നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന് ഈ അറസ്റുവഴി തങ്ങളുടെ സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണ്.
രണ്ടുവ്യക്തികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല നടത്തിയവരുമായി സ്വാമിക്കു നേരിട്ടു ബന്ധമുള്ളതായുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
ശങ്കരരമണന് കൊല്ലപ്പെട്ട സെപ്റ്റംബര്‍ മൂന്നിന് ക്ഷേത്രത്തിലെ തന്നെ മറ്റൊരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആര് തയ്യാറാക്കിയത്.
മഠത്തിലെ അക്കൗണ്ടില്‍ നിന്നും തന്റെ കുടുംബാംഗങ്ങള്‍ക്ക് ജയേന്ദ്രസരസ്വതി കനത്ത തുകകള്‍ നല്‍കിയിരുന്നതായും തെളിഞ്ഞിട്ടുണ്ട്.
സംഭവവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന അഞ്ചുപേരെ തങ്ങള്‍ കുറ്റവാളികളാണെന്നു സ്ഥാപിച്ചെടുത്ത് കേസ് വഴിതെറ്റിക്കാന്‍ ശ്രമിച്ചതിലും സ്വാമിക്കു പങ്കുണ്ട്. കൊല നടത്തിയ വ്യക്തി മഠാധിപതിയുമായി ടെലഫോണില്‍ സംസാരിച്ചിട്ടുണ്ട്.
2002 സെപ്ററംബറില്‍ രാധാകൃഷ്ണന് എന്നയാളിനേയും ഭാര്യയേയും ആക്രമിക്കുവാന്‍ ശ്രമിച്ചതിനു പിന്നിലും സ്വാമിയാണെന്നു സംശയമുണ്ട്.
തനിക്കെതിരെ ആരോപണങ്ങളുന്നയിച്ചു കൊണ്ടുള്ള കത്തുകളെഴുതുന്നത് രാധാകൃഷ്ണനാണെന്നു സംശയിച്ച് ഇയാളെ ഇല്ലാതാക്കാന്‍ ജയേന്ദ്രസരസ്വതി കരുക്കള്‍ നീക്കിയിരുന്നു. ഈ കേസും പൊലീസ് അന്വേഷിച്ചു വരികയാണ്.
മഠാധിപതിയുടെ അറസ്റുവഴി താന്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന ബിജെപി നേതാവ് മുരളീമനോഹര്‍ ജോഷിയുടെയും എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടിസിന്റെയും ആരോപണങ്ങള്‍ ജയലളിത നിഷേധിച്ചു.
ജയേന്ദ്രസരസ്വതിയെ അറസ്റുചെയ്തതു മുതല്‍ ജയിലിലടക്കുന്നതു വരെയും നിയമങ്ങള്‍ നേരായ വഴിയില്‍ത്തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ജയേന്ദ്രസരസ്വതിയുടെ അറസ്റിനെക്കുറിച്ച് ഇതാദ്യമായാണ് ജയലളിത പ്രതികരിക്കുന്നത്.












Click it and Unblock the Notifications