ഗുണ്ടാസംഘത്തില്‍ നിന്ന് മോചിപ്പിച്ചു
മലപ്പുറം: ചെന്നൈയിലെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ ചന്ദനത്തൈലവ്യാപാരിയുടെ ബന്ധുവിനെ മോചിപ്പിച്ചു. ആന്ധ്രയില്‍ ചന്ദനത്തൈല ഫാക്ടറി നടത്തുന്ന മഞ്ചേരി തൃക്കളങ്ങോട്വളപ്പില്‍ വീട്ടില്‍ അക്തറിന്റെ ബാപ്പയുടെ അനുജന്‍ മുഹമ്മദലിയെയാണ്(52) മോചിപ്പിച്ചത്.
എട്ടംഗഗുണ്ടാസംഘത്തെ ആന്ധ്ര-തമിഴ്നാട് പൊലീസ് സംഘം വലയിലാക്കുകയും ചെയ്തു. ചന്ദനക്കള്ളക്കടത്ത് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗുണ്ടാത്തലവന്‍ കൃപ എന്ന കൃപാകരന്റെ നേതൃത്വത്തിലുള്ള എട്ടംഗസംഘമാണ് മുഹമ്മദലിയെ തട്ടിക്കൊണ്ട് പോയത്. അക്തറിനോടുള്ള പകവീട്ടാനായിരുന്നു കൃപയും സംഘവും മുഹമ്മദലിയെ തട്ടിക്കൊണ്ടുപോയത്.
ആന്ധ്രയിലെ ചിറ്റൂരിലെ പാണാട്ടൂരില്‍ ശോഭാ ആരോമാറ്റിക്സ് എന്ന ചന്ദനത്തൈലഫാക്ടറി നടത്തുകയാണ് അക്തര്‍. കൃപ കടത്തിക്കൊണ്ടുവന്ന ചന്ദനത്തടികള്‍ കഴിഞ്ഞമാസം വെല്ലൂരില്‍ പൊലീസ് പിടികൂടിയതില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. അക്തര്‍ ഒറ്റിക്കൊടുത്തതുമൂലമാണ് തന്റെ ചന്ദനം പൊലീസ് പിടിച്ചതെന്നായിരുന്നു കൃപയുടെ ധാരണ. ചന്ദനം പിടിച്ചതിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ കൃപ അക്തറിനോടാവശ്യപ്പെട്ടു. അക്തര്‍ രണ്ടു ലക്ഷം നല്കി. കൂടുതല്‍ പണം വേണമെന്ന കൃപയുടെ ആവശ്യത്തിന് അക്തര്‍ വഴങ്ങാത്തതിനെത്തുടര്‍ന്നാണ് കൃപയും സംഘവും മുഹമ്മദലിയെ തട്ടിക്കൊണ്ട് പോയത്. കൃപയും സംഘവും അക്തറിന്റെ ഫാക്ടറി തല്ലിത്തകര്‍ക്കുകയും അവിടെയുണ്ടായിരുന്ന 17.5 ലക്ഷം രൂപ, ടിവി, സെല്‍ഫോണ്‍, വിസിഡി എന്നിവ കൈക്കലാക്കുകയും ചെയ്തിരുന്നു.
മൂന്നുലക്ഷം രൂപ നല്കിയാല്‍ മുഹമ്മദലിയെ വിടാമെന്ന് പറഞ്ഞ് കൃപ അക്തറിന് ഫോണ്‍ ചെയ്തു. അക്തര്‍ പൊലീസില്‍ വിവരമറിയിച്ചു. ചെന്നൈ നന്ദനം കോര്‍പ്പറേഷന്‍ ഗ്രൗണ്ടില്‍ താന്‍ പണവുമായി എത്താമെന്ന് അക്തര്‍ കൃപയെ അറിയിച്ചു. പൊലീസ് നിര്‍ദേശപ്രകാരമാണ് അക്തര്‍ കൃപയ്ക്ക് ഫോണ്‍ ചെയ്തത്. പണം വാങ്ങാന്‍ അവിടെയെത്തിയപ്പോഴാണ് കൃപയെയും സംഘത്തെയും പൊലീസ് വലയിലാക്കിയത്. മുഹമ്മദലിയെ മോചിപ്പിക്കുകയും ചെയ്തു.












Click it and Unblock the Notifications