വി.എച്ച്.പി. രാഷ്ട്രീയകക്ഷി ഉണ്ടാക്കും
ഗോരഖ്പുര്‍: ഹിന്ദുക്കളുടെ ക്ഷേമത്തിനായി വിശ്വഹിന്ദുപരിഷത് (വി.എച്ച്.പി.) പുതിയ രാഷ്ട്രീയകക്ഷി രൂപീകരിക്കും.
2005 ഏപ്രില്‍ മാസത്തിനകം ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കുമെന്ന് വി.എച്ച്.പി. അന്താരാഷ്ട്ര പ്രസിഡന്റ് വിഷ്ണുഹരി ഡാല്‍മിയ അറിയിച്ചു.
ചില പാര്‍ട്ടികള്‍ ഹിന്ദുക്കളുടെ പ്രശ്നങ്ങളുടെ പേരില്‍ മാത്രം വോട്ടു തേടുകയും അധികാരത്തിന്റെ തണലില്‍ ഹിന്ദുക്കളുടെ ക്ഷേമം അവഗണിക്കുകയും ചെയ്തതായി പ്രത്യേകിച്ച് ഏതെങ്കിലും രാഷ്ട്രീയകക്ഷിയെ പേരെടുത്തുപറയാതെ ഡാല്‍മിയ കുറ്റപ്പെടുത്തി. ജനങ്ങളിപ്പോള്‍ ബി.ജെ.പി.യില്‍നിന്ന് അകന്നുകഴിഞ്ഞിരിക്കുകയാണെന്നും അതുകൊണ്ട് വി.എച്ച്.പി. പുതിയ രാഷ്ട്രീയകക്ഷി രൂപീകരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
പുതിയ കക്ഷി രൂപവത്കരിക്കുന്നത് സംബന്ധിച്ച് ആര്‍.എസ്.എസും ഹിന്ദുസംഘടനകളുമായി ചര്‍ച്ച നടത്തിവരികയാണ്.
മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ഉമാഭാരതിയെ ബി.ജെ.പി.യില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും എന്നിരുന്നാലും അവര്‍ വി.എച്ച്.പി.യില്‍ ചേരാനാഗ്രഹിക്കുന്നുവെങ്കില്‍ അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications