ബുധനാഴ്ച തൃക്കാര്‍ത്തിക
തിരുവനന്തപുരം: തമിഴ്നാട് കേരള സംസ്ഥാനങ്ങളില്‍ നവംബര്‍ 20 ബുധനാഴ്ച തൃക്കാര്‍ത്തിക ആഘോഷിയ്ക്കും.
വടക്കന്‍ കേരളത്തില്‍ കാര്യമായി ആഘോഷിയ്ക്കപ്പെടാത്ത ഉത്സവമാണ് കാര്‍ത്തിക. പക്ഷേ വടക്കന്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ കാര്‍ത്തിക വിളക്ക് ഉത്സവം ആഘോഷിയ്ക്കാറുണ്ട്.
ദേവീ പ്രീതിയ്ക്കുള്ള ഉത്സവമാണെങ്കിലും ഇതിന് തെക്കന്‍ കേരളത്തില്‍ കൃഷിയുമായി കാര്യമായ ബന്ധമുണ്ട്. കാര്‍ത്തിക നാളില്‍ കരിക്കും കാച്ചിലും കഴിയ്ക്കുക എന്നത് പതിവാണ്. ഇത് കഴിയ്ക്കാതിരിയ്ക്കരുതെന്ന് കുട്ടികളെ മുതിര്‍ന്നവര്‍ നിര്‍ബന്ധിയ്ക്കാറുമുണ്ട്.
വീടിന് ചുറ്റും ചെറു ചിരാതുകളില്‍ (ഇടിഞ്ഞില്‍) എണ്ണയൊഴിച്ച് വിളക്ക് തെളിയ്ക്കുക പ്രധാനമാണ്. ഈ വിളക്കിന് പുറമേ വാഴപ്പിണ്ടിയില്‍ അലങ്കരിച്ച് വലിയ പന്തം ഉണ്ടാക്കുകയും പതിവാണ്. ഇത് വീട്ടിന് ചുറ്റും കൊണ്ട് നടക്കും. ഒപ്പം മാവേ കണ്ടോ, പ്ലാവേ കണ്ടോ, പുളിയേ കണ്ടോ. . . . . . വായ് താരിയും. ഇതിന് ശേഷം ഈ വാഴപ്പിണ്ടിയില്‍ കുരുത്തോല കൊണ്ട് അലങ്കരിച്ച പന്തം കുട്ടികളുടെ ഹര്‍ഷാരവത്തോടെ പാടത്തേയ്ക്ക് കൊണ്ട് പോവും. പാടത്തിന് നടുവില്‍ ഈ പന്തം സ്ഥാപിയ്ക്കും. പാടത്തിലെ ചാഴിയെ ആകര്‍ഷിച്ച് കൊല്ലുകയാണ് ഇതിന്റെ ഉദ്ദേശം. പക്ഷേ ഇത് ഒരു ആചാരമായാണ് ചെയ്ത് പോന്നിരുന്നത്.
ഈ ആഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ പല ക്ഷേത്രങ്ങളിലും തൃക്കാര്‍ത്തിക മഹോത്സവം നടക്കും. തലയോലപ്പറമ്പ് കാര്‍ത്ത്യായനി ദേവീ ക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം, ആലപ്പുഴ അത്തിത്തറ ഭഗവതി ക്ഷേത്രം എന്നിവ അവയില്‍ ചിലതാണ്.
തലയോലപറമ്പ് ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന നടക്കുകയാണ് തൃക്കാര്‍ത്തിക ദിവസമാണ് ഇതിന്റെ സമാപ്തി.
കാടാമ്പുഴ ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം തൊഴല്‍ വളരെ വിശേഷമെന്നാണ് ഭക്തരുടെ വിശ്വാസം. ഇതേ ദിവസം തന്നെ പൂമൂടല്‍ ചടങ്ങും നടക്കും. രാവിലെ 10 മുതല്‍ 11 30 വരെയാണിത്.
കാടാമ്പുള ക്ഷേത്രത്തിലെ പ്രധാന വഴിപാട് മുട്ടറുക്കലാണ്. തേങ്ങയാണ് മുട്ടറുക്കലിന് ഉപയോഗിയ്ക്കുന്നത്. ഇഷ്ടകാര്യ സിദ്ധിയാണ് മുട്ടറുക്കലിന്റെ ലക്ഷ്യം.
മലപ്പുറം ജില്ലയില്‍ ദേശീയ പാതയില്‍ കോട്ടക്കല്‍-വളാഞ്ചേരി റൂട്ടില്‍ വെട്ടിക്കവലയില്‍ നിന്നു മൂന്ന് കിലോമീറ്റര്‍ ദൂരെയാണ് കാടാമ്പുഴ ക്ഷേത്രം.












Click it and Unblock the Notifications