അക്ഷയ പദ്ധതി ഉത്ഘാടനം ചെയ്തു
തിരുവനന്തപുരം: വിവരസാങ്കേതിക വിദ്യ ജനകീയമാക്കാനുള്ള അക്ഷയ പദ്ധതിയ്ക്ക് തുടക്കമായി. ഒരു കുടുംബത്തില്‍ ഒരാളെയെങ്കിലും കംപ്യൂട്ടര്‍ സാക്ഷരനാക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളതാണ് ഈ പദ്ധതി. അക്ഷയ പദ്ധതി രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം നവംബര്‍ 18 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു.
ഏത് വികസന പദ്ധതിയും സാധാരണ ജനങ്ങള്‍ക്ക് പ്രയോജനകരമാവണം. എന്നാല്‍ മാത്രമേ അതുകൊണ്ട് നാടിന് പ്രയോജനമുള്ളു. കേരളത്തിലെ ത്രിതല പഞ്ചായത്തുകളിലൂടെ നടപ്പാക്കുന്ന അക്ഷയ എന്ന ജനകീയ പദ്ധതിയ്ക്ക് രാഷ്ട്രപതി ആശംസയര്‍പ്പിച്ചുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.
2009 ആവുമ്പോഴേയ്ക്കും ഇപ്പോഴത്തേക്കാള്‍ പതിന്മടങ്ങ് ശേഷിയുള്ള കമ്പ്യൂട്ടറുകളായിരിയ്ക്കും നാം ഉപയോഗിയ്ക്കേണ്ടി വരുക. കുറഞ്ഞ വിലയ്ക്ക് അത് ലഭ്യമാവുകയും ചെയ്യും. അവിടന്നങ്ങോട്ടുള്ള കാര്യങ്ങള്‍ ചിന്തിച്ചാല്‍ പേടി തോന്നും. എങ്കിലും കംപ്യൂട്ടറുകളെ ചങ്ങാതിമാരായി കാണണം. വിജ്ഞാന സമൂഹം വളര്‍ത്തിയെടുക്കാന്‍ ഇത് ആവശ്യമാണ്. അറിവാണ് ശക്തി - രാഷ്ട്രപതി പറഞ്ഞു.
കൃഷി, വ്യവസായം, വിവരസാങ്കേതിക വിദ്യ എന്നിവയിലൂടെയുള്ള വികസനത്തിന്റെ അടുത്ത പടിയാണ് വിജ്ഞാനപാരമായ വളര്‍ച്ച. ഈ ഘട്ടത്തില്‍ സ്വതന്ത്ര ചിന്തകള്‍ക്കും ഭാവനകള്‍ക്കും തനത് ആശയങ്ങള്‍ക്കും പ്രാമുഖ്യം കൈവരും. രാഷ്ട്രപതി പറഞ്ഞു.
ഐ.ടിയിലൂടെ സമ്പത്ത് ആര്‍ജിക്കാനും സാമൂഹിക മാറ്റം കൈവരുത്താനുമാണ് കേന്ദ്ര ആസൂത്രണ കമ്മിഷന്‍ പദ്ധതിയിടുന്നത്. രാഷ്ട്രപതി പറഞ്ഞു.
സാമൂഹ്യ പുരോഗതിയ്ക്ക് വന്‍ കുതിപ്പ് നല്‍കുന്ന പദ്ധതിയാണിതെന്ന് ഗവര്‍ണര്‍ സിക്കന്തര്‍ ഭക്ത് അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്കിടയിലുള്ള അസന്തുലിതാവസ്ഥ കുറയ്ക്കാനിത് ഉപകരിയ്ക്കും. ഗവര്‍ണര്‍ പറഞ്ഞു.
കംപ്യൂട്ടര്‍ ഉപയോഗം കൂടി അറിഞ്ഞാല്‍ മാത്രമേ ഇക്കാലത്ത് ഒരാള്‍ സാക്ഷരനാകുകയുള്ളൂവെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ ഐ.ടിയ്ക്ക് മുന്‍തൂക്കം നല്‍കുകയാണ്. ഇനിയും ഈ രംഗത്ത് നാം ശ്രദ്ധിച്ചില്ലെങ്കില്‍ മലയാളികള്‍ പിന്നിലാകുമെന്ന് ആന്റണി പറഞ്ഞു.
കേരളത്തില്‍ ഇ-ഗവേണന്‍സും അക്ഷയ പദ്ധതിയും സൗജന്യമായി ലഭിയ്ക്കുന്ന സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് നടപ്പാക്കാന്‍ ശ്രമിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍ സാക്ഷരത നേടാനുള്ള ശ്രമങ്ങള്‍ക്കായി ഒരു പ്രത്യേക കമ്പനിയുടെ ഉത്പന്നത്തെയോ ചില തെരഞ്ഞെടുത്ത സോഫ്ട്വേറുകളെ മാത്രമോ തിരഞ്ഞെടുക്കുന്നത് ശരിയല്ല.
വിവര സാങ്കേതിക വിദ്യാ സെക്രട്ടറി അരുണാ സുന്ദര്‍രാജ് പദ്ധതിരേഖ അവതരിപ്പിച്ചു.












Click it and Unblock the Notifications