കുഞ്ഞാലിക്കുട്ടി പിള്ളയുടെ മാന്യത കാട്ടണമായിരുന്നു -എന്‍.എസ്.എസ്.
ചങ്ങനാശ്ശേരി: അഴിമതിക്കേസില്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധിക്കുന്നതുവരെ ആന്റണി മന്ത്രിസഭയില്‍ നിന്ന് മാറി നില്‍ക്കാന്‍ മാന്യതകാട്ടിയ മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ രീതിയെങ്കിലും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കാട്ടണമായിരുന്നുവെന്ന് എന്‍.എസ്.എസ്. അഭിപ്രായപ്പെട്ടു.
സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ആരോപണ വിധേയനായ മന്ത്രി, മുസ്ലിം സമുദായത്തെ ഒന്നടങ്കം വിഷമവൃത്തത്തിലാക്കിയെന്നും എന്‍.എസ്.എസ്. അസിസ്റന്റ് സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. പെരുന്നയില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ മാത്രമേ രാജി നല്‍കു എന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ട് മുഖ്യമന്ത്രിപോലും പ്രതികരിച്ചിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തിനു മുകളില്‍ മുസ്ലിം ലീഗ് കൊടി കെട്ടിയിട്ടും യാതൊരു നടപടിയുമില്ല. ഇക്കാര്യങ്ങളില്‍ എന്‍.എസ്.എസിന് ശക്തിയായ പ്രതിഷേധമുണ്ട്.
കോഴിക്കോട്, കിളിരൂര്‍ പെണ്‍വാണിഭക്കേസുകളില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നാണ് എന്‍എസ്.എസിന്റെ അഭിപ്രായം. കിളിരൂര്‍ പെണ്‍കുട്ടിയെ വി.ഐ.പികള്‍ കണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോള്‍ അവരാരെന്ന് അദ്ദേഹം തന്നെ പറയാന്‍ ആവശ്യപ്പെടുന്നത് എന്തു രീതിയാണ്. പീഡനക്കേസുകളില്‍ അന്വേഷണം ഇഴയുന്നത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടല്ല, പിടിപ്പുകൂടുതല്‍ കൊണ്ടാണെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications