Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ സെല്‍ഫോണ്‍: എതിര്‍പ്പുയര്‍ന്നു

ശബരിമല: ശബരിമല ക്ഷേത്രപരിസരത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനോട് പൂജാരിമാരുടെയും ഒരു വിഭാഗ തീര്‍ഥാടകരുടെയും ഭാഗത്തു നിന്ന് എതിര്‍പ്പുയര്‍ന്നു.

ബി എസ് എന്‍ എല്ലാണ് ശബരിമലയില്‍ മൊബൈല്‍ ഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിനിമയ സംബന്ധമായ സൗകര്യം ചൂണ്ടിക്കാട്ടി ദേവസ്വം അധികൃതര്‍ മൊബൈല്‍ ഫോണ്‍ ക്ഷേത്രപരിസരത്ത് ഉപയോഗിക്കുന്നതിനെ ന്യായീകരിക്കുമ്പോള്‍ ശബരിമല ക്ഷേത്രത്തിലെ പൂജാരികളും ഒരു വിഭാഗം ഭക്തരും ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ്.

ശബരിമല ക്ഷേത്ര പരിസരത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ശബരിമല മേല്‍ശാന്തി ശങ്കരനാരായണന്‍ നമ്പൂതിരി ആവശ്യപ്പെട്ടു. സോപാനത്ത് പ്രാര്‍ഥനയും ദര്‍ശനവും നടത്തുന്ന ഭക്തര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശല്യമാവും. ശബരിമല ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ ക്ഷേത്രത്തിലെ പരമ്പരാഗത രീതികള്‍ അനുസരിക്കേണ്ടതുണ്ട്. പരമ്പരാഗതമായ തീര്‍ഥാടന രീതിയ്ക്കെതിരായ വസ്തുക്കള്‍ ക്ഷേത്രപരിസരത്ത് കൊണ്ടുവരരുത്.

ശബരിമല ക്ഷേത്രതന്ത്രി കണ്ഠരര് മോഹനരും ക്ഷേത്രപരിസരത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചു. സോപാനത്തിലും ശ്രീകോവിലിന് പുറത്തും 18 പടികളിലും ക്ഷേത്രപരിസരത്തും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് കണ്ഠരര് മോഹനര് പറഞ്ഞു.

ചില ഭക്തര്‍ക്കും ക്ഷേത്രപരിസരത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനോട് യോജിപ്പില്ല. ശബരിമലയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ ഗുജറാത്തിലെ അക്ഷര്‍ധാം സ്വാമിനാരായണ്‍ ക്ഷേത്രത്തിലുണ്ടായ അക്രമസംഭവം മുന്നറിയിപ്പായെടുക്കേണ്ടതുണ്ടെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.

ശബരിമലയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അധികൃതര്‍ പറയുന്നത്. സര്‍ക്കാരില്‍ നിന്ന് ഇതുസംബന്ധിച്ച് നിര്‍ദേശം ലഭിച്ചാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുമെന്ന് ശബരിമലയിലെ പൊലീസ് കോഓര്‍ഡിനേറ്റര്‍ ഐ ജി രാജീവന്‍ പറഞ്ഞു.

അതേ സമയം ആന്ധ്രാപ്രദേശ്, കര്‍ണാടകം, തമിഴ്നാട് തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് മൊബൈല്‍ ഫോണ്‍ സൗകര്യം ശബരിമലയില്‍ ലഭിക്കുന്നത് അനുഗ്രഹമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. ബാബു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+