പാട്ടത്തുക കുറയ്ക്കാന്‍ ഉപസമിതി ശുപാര്‍ശ
തിരുവനന്തപുരം: സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയിട്ടുള്ള ഭൂമിയുടെ പാട്ടനിരയ്ക്ക് കുറക്കാന്‍ മന്ത്രിസഭാ ഉപസമിതി ശുപാര്‍ശ ചെയ്തു. ഭൂമിയുടെ കമ്പോള വിലയുടെ നിശ്ചിത ശതമാനം അടച്ചാല്‍ ഭൂമി പതിച്ചുനല്‍കാനും ശുപാര്‍ശയുണ്ട്.
മന്ത്രി കെ. എം. മാണി അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയാണ് ശുപാര്‍ശ സര്‍ക്കാരിന് മുന്നില്‍ വെച്ചത്. പാട്ടഭൂമിയുടെ പാട്ടനിരക്ക് സര്‍ക്കാര്‍ കൂട്ടിയത് പാട്ടപ്പിരിവ് കുത്തനെ കുറയാനിടയാക്കിയതിനാലാണ് പാട്ടത്തുക കുറയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 145 കോടി രൂപ ഇപ്പോള്‍ പാട്ട കുടിശികയായി പിരിഞ്ഞുകിട്ടാനുണ്ട്.
മന്ത്രിസഭാ ഉപസമിതിയുടെ വിവാദപരമായ നിര്‍ദേശത്തോട് മറ്റ് വകുപ്പുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. പാട്ടത്തുക കുറയ്ക്കുന്നതിനെ ധനവകുപ്പ് എതിര്‍ക്കുന്നു. സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുന്നത് സുപ്രിം കോടതി വിധിയുടെ ലംഘനമാവുമെന്ന് നിയമവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാണിജ്യാവശ്യത്തിന് നല്‍കിയിട്ടുള്ള ഭൂമിയുടെ പാട്ടം കമ്പോളവിലയുടെ അഞ്ച് ശതമാനമായി കുറയ്ക്കണമെന്നാണ് ശുപാര്‍ശ. പാട്ടത്തുക ഇപ്പോള്‍ കമ്പോളവിലയുടെ 20 ശതമാനമാണ്.
വ്യക്തികള്‍ കമ്പോള വിലയുടെ 25 ശതമാനവും സാമൂഹിക സംഘടനകളും ധര്‍മസ്ഥാപനങ്ങളും 10 ശതമാനവും അടച്ചാല്‍ ഭൂമി പതിച്ചുനല്‍കാം. സഹകരണ സ്ഥാപനങ്ങള്‍ നല്‍കേണ്ട പാട്ടനിരയ്ക്ക് 10 ശതമാനത്തില്‍ നിന്ന് രണ്ടര ശതമാനമായി കുറയ്ക്കണം. കമ്പോളവിലയുടെ 10 ശതമാനം അടച്ചാല്‍ സഹകരണസ്ഥാപനങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും പാട്ടത്തിനെടുത്ത ഭൂമിയുടെ പാട്ടത്തുക ഒരു ശതമാനമായി കുറയ്ക്കണം. ഇതിപ്പോള്‍ 10 ശതമാനമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഭൂമിയുടെ പരിധി കണക്കിലാക്കി ആവശ്യത്തിലേറെ വരുന്ന ഭൂമിയ്ക്ക് അഞ്ച് ശതമാനം പാട്ടത്തുക ഈടാക്കണം. ആവശ്യമായ ഭൂമി കമ്പോളവിലയുടെ 10 ശതമാനവും ആവശ്യപരിധിയ്ക്ക് പുറത്തുള്ള ഭൂമി 25 ശതമാനവും നല്‍കിയാല്‍ പതിച്ചുനല്‍കാം.












Click it and Unblock the Notifications